ന്യൂഡല്‍ഹി: നവജാത ശിശു മരിച്ച സംഭവത്തില്‍ ഡല്‍ഹി ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ഡല്‍ഹി സര്‍ക്കാരാണ് ലൈസന്‍സ് റദ്ദാക്കിയത്. സംഭവത്തില്‍ അധികൃതര്‍ക്കു വീഴ്ചയുണ്ടായതായി വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 30നാണ് ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയില്‍ 21കാരിയായ വര്‍ഷയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. അതില്‍ പെണ്‍കുഞ്ഞു ജനിച്ചയുടന്‍ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കള്‍ക്കു കൈമാറുകയും ചെയ്തിരുന്നു.

സംസ്‌കാര ചടങ്ങിനു തയാറെടുക്കുമ്പോഴാണ് ഒരു കുഞ്ഞിന് അനക്കം കണ്ടത്. പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു വ്യക്തമായി. കുട്ടിയെ വീണ്ടും ചികില്‍സയ്ക്കു വിധേയമാക്കിയെങ്കിലും ബുധനാഴ്ച മരിച്ചു. പിന്നീട് സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായി ആരോപണം ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു.

കൂടാതെ കുട്ടിയുടെ ചികില്‍സയ്ക്ക് 50 ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നു കാട്ടി പിതാവ് ആശിഷ് കുമാര്‍ മറ്റൊരു പരാതിയും പൊലീസിനു നല്‍കി. സംഭവത്തെത്തുടര്‍ന്ന് എം.പി. മേത്ത, വിശാല്‍ ഗുപ്ത എന്നീ ഡോക്ടര്‍മാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു.