ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : അൻപത് വർഷത്തിലേറെ ദൈർഘ്യമുള്ള മോർട്ട്ഗേജുകൾ ലഭ്യമാക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. അഞ്ച് ദശകമോ, അതിലേറേയോ ദൈര്‍ഘ്യമുള്ള മോര്‍ട്ട്ഗേജുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമേകാന്‍ ലെന്‍ഡേഴ്സിന് പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയിലൂടെ ലോൺ തിരിച്ചടവ് ഇനി മക്കളുടെ കൂടി ഉത്തരവാദിത്തമായി മാറും. ദീർഘകാല പദ്ധതിയിലൂടെ ആളുകൾക്ക് വാടക വീട് വിട്ട് സ്വപ്നഭവനം സ്വന്തമാക്കാൻ കഴിയുമെന്നും സർക്കാർ അവകാശപ്പെടുന്നു. സർക്കാർ പരിഗണനയിലുള്ള പദ്ധതി പ്രകാരം, വസ്തുവകകൾ മക്കൾക്ക് കൈമാറുമ്പോള്‍ ബാക്കിയുള്ള തിരിച്ചടവ് ഇവര്‍ നല്‍കണം. വലിയ ലോണുകൾ എടുക്കാനും സ്വപ്ന ഭവനം സ്വന്തമാക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
സ്വന്തം ജീവിതകാലത്ത് മോര്‍ട്ട്ഗേജുകള്‍ അടച്ചുതീര്‍ക്കാന്‍ ആളുകൾക്ക് അവസരം ലഭിക്കില്ല. ഇതിനൊരു പരിഹാരം കൂടിയാണ് പുതിയ പദ്ധതി. ജനങ്ങളെ വീട്ടുടമസ്ഥരാക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കൂടുതല്‍ ഭൂമി വിട്ടുനല്‍കാനും, പൊതുമേഖലാ ജീവനക്കാർക്ക് വിലകുറഞ്ഞ വീടുകള്‍ ലഭ്യമാക്കാനും പദ്ധതികളുണ്ട്. 95 ശതമാനം മോര്‍ട്ട്ഗേജ് ലഭ്യമാക്കുന്നത് മികച്ച സാധ്യതയാണെന്ന് ജോൺസൺ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം 4 ലക്ഷം പേരാണ് ആദ്യമായി വീട് വാങ്ങിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ശരാശരി വീട് വില മെയ് മാസത്തിൽ 12.4% ആയി ഉയർന്നു. കൂടാതെ, പലിശ നിരക്ക് ഉയരുന്നതിനൊപ്പം മോർട്ട്ഗേജുകളും ചെലവേറിയതായി മാറുകയാണ്.
Leave a Reply