കൊളംബോയിൽ വീണ്ടും ജനകീയ പ്രതിഷേധം. ജനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിന് ചുറ്റും സുരക്ഷാവലയം തീർത്തിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നതെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, പ്രതിഷേധത്തിന് അയവുവരുത്താൻ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചത്. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.

എന്നാൽ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം.

ഇതിനിടെ, ശ്രീലങ്കന്‍ പ്രസിഡന്‍റിനെ രാജ്യം വിടാന്‍ സഹായിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്തെത്തി. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

ജനാധിപത്യ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പുരോഗതി ആഗ്രഹിക്കുന്ന ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അന്‍റോനോവ്-32 സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് ശ്രീലങ്കന്‍ പ്രസിഡന്‍റ് രാജ്യം വിട്ടത്. അയല്‍രാജ്യമായ മാലദ്വീപിലേക്കാണ് അദ്ദേഹം പോയത്.

ഇന്ന് രാജി വയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാജി കൈമാറാതെയാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്. അറസ്റ്റ് ഒഴിവാക്കാനാണ് രാജ്യം വിട്ടശേഷം രാജി കൈമാറാനുള്ള നീക്കത്തിനു പിന്നിലെന്നാണ് വിവരം.