താനും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ബി.ജെ. പിയുടെ എം.പി പൂനം മഹാജൻ. മുംബയിൽ ഐ.ഐ.എം.എയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പൂനം തന്റെ ദുരനുഭവം തുറന്നു പറഞ്ഞത്.
കോളേജിൽ പഠിക്കുന്ന കാലത്ത് വെർസോവയിൽ നിന്ന് വെർളിയിലെ കോളേജിലേക്ക് പോകാൻ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. ട്രെയിൻ യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളർന്നു പോകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സ്ത്രീ പോലും തുറിച്ചുനോട്ടം കൊണ്ടുള്ള ലൈംഗിക ചൂഷണം നേരിടാതെ കടന്നു പോയിട്ടില്ലെന്നും പൂനം പറയുന്നു. മുംബയിലെ നടപ്പാത തകർന്ന് ആളുകൾ മരിക്കാനിടയായ സംഭവത്തിൽ മൃതപ്രായയായ സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് പൂനം മഹാജന്റെ വെളിപ്പെടുത്തൽ.
സ്ത്രീകൾ കൂടുതൽ ശക്തിയാർജിക്കേണ്ടതുണ്ട്. കഴിവു തെളിയിക്കേണ്ടതുണ്ട്. സ്ത്രീകളെ ഓരോ ഘട്ടത്തിലും ദേവതകളായി കാണുന്നു. അമേരിക്കയിൽ സ്ത്രീകൾ കൂടുതൽ സ്വതന്ത്രരാണെന്നാണ് പറയുന്നത്. ഇതുവരെ അവിടെ ഒരു വനിതാ പ്രസിഡന്റ് വന്നിട്ടില്ല. ഇവിടെയോ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശ കാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി വിവിധ പദവികളിൽ സ്ത്രീകൾ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മൾ കൂടുതൽ ശക്തരാകണം. നമുക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ സ്വയം ഉൾവലിയാതെ പ്രതികരിക്കണം. ഒരുവൻ ചെയ്യുന്ന തെറ്റെന്തെന്ന് അവനിൽ ബോധ്യം വരുത്തണം എന്നും പൂനം മഹാജൻ പറഞ്ഞു