ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യൂറോപ്യൻ യൂണിയന്റെ യുകെ പാസ്പോർട്ടുകൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇത് ശ്രദ്ധിക്കുക. വേനലവധി ആഘോഷിക്കാൻ പുറപ്പെടുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ഐഡി ഇപ്പോഴും സാധുതയുള്ളതാണോ എന്ന് പരിശോധിക്കണം. കാരണം, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് പാസ്പോർട്ടിന്റെ സാധുത വിലയിരുത്താം. യുകെ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി മൂന്നോ ആറോ മാസം ശേഷിക്കണമെന്ന് മിക്ക രാജ്യങ്ങളും ആവശ്യപ്പെടുന്നു.
പാസ്പോർട്ട് കാലാവധി ഇനി ആറു മാസത്തിനു മുകളിൽ ഉണ്ടെങ്കിൽ മാത്രമേ 70 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയൂ. തായ്ലൻഡ്, യുഎഇ, ഈജിപ്ത്, ഖത്തർ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ, യാത്രയ്ക്ക് മുമ്പ് പാസ്പോർട്ടിന് ആറു മാസത്തെ കാലാവധി കൂടി ഉണ്ടായിരിക്കണമെന്ന് പറയുന്നു. അതേസമയം, ഓസ്ട്രിയ, മാൾട്ട, ബെൽജിയം, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ പാസ്പോർട്ട് കാലാവധി മൂന്നു മാസം മതി.
നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യം ഇതിൽ ഏത് നിയമമാണ് പിന്തുടരുന്നതെന്ന് മനസിലാക്കി ആവശ്യമെങ്കിൽ പാസ്പോർട്ട് പുതുക്കണം. ബ്രിട്ടീഷ് സർക്കാർ പറയുന്നതനുസരിച്ച്, പുതുക്കിയ പാസ്പോർട്ട് ലഭിക്കാൻ പത്ത് ആഴ്ച സമയം വേണ്ടിവരും. എന്നാൽ, പുതിയ പാസ്പോർട്ട് വേഗം ലഭിക്കാൻ പാസ്പോർട്ട് ഓഫീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുക.
മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന ബ്രിട്ടീഷുകാരിൽ നിന്ന് അടുത്ത വർഷം മുതൽ അധിക ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്പിലുള്ളതും എന്നാൽ യൂറോപ്യൻ യൂണിയനിൽ ഇല്ലാത്തതുമായ നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും ഫീസ് ബാധകമാകും.
Leave a Reply