ലണ്ടന്‍ : ഹാംപ്ഷയറില്‍ 13 വയസുകാരിയെ പീഡനത്തിനിരയായി മരക്കൂട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് 24-കാരനായ കെയറര്‍ . സ്റ്റിഫന്‍ നിക്കോള്‍സന്‍ എന്നയാളാണ് ലൂസി മക്ഹഗിന്‍ എന്ന പെണ്‍കുട്ടിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറയുന്നു. ഇയാള്‍ സമീപകാലത്തായി ലൂസിയുടെയും 33 കാരിയായ അമ്മയുടെയും ഒപ്പം സൗത്താംപ്റ്റനിലെ വീട്ടിലായിരുന്നു. മരണത്തിനു മുമ്പ് ലൂസി നിക്കോള്‍സനൊപ്പം ഉണ്ടായിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ലൂസി ജോഗിംഗിന് പോകാറുണ്ടായിരുന്നു.

വ്യാഴാഴ്ച രാവിലെ 7.45-ഓടെ ഹാംപ്ഷയറിലെ സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററിന് സമീപമുള്ള മരക്കൂട്ടങ്ങള്‍ക്കിടയിലാണ് ലൂസി മക്ഹഗിലിന്റെ ജഡം കണ്ടെത്തിയത്.

കൊലപാതകത്തിന് മുമ്പായി കുട്ടി പീഡനത്തിരയായി എന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.30ന് മാന്‍സെല്‍ റോഡ് ഈസ്റ്റിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ലൂസി പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷണം നടന്നുവരവെയാണ് ജഡം കണ്ടെത്തുന്നത്. പൊതുജനങ്ങളില്‍ നിന്നും ഒരാളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.

മകളെ കാണാനില്ലെന്ന വിവരം ലൂസിയുടെ അമ്മ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ലൂസി വൈറ്റിനെ ആരെങ്കിലും കണ്ടോ. അവളെ കാണാതായി, പോലീസ് അന്വേഷിക്കുന്നുണ്ട്. എന്ത് സഹായം കിട്ടിയാലും ഉപകരിക്കും. നീല ജീന്‍സും, ബ്ലാക്ക്/വൈറ്റ് ജാക്കറ്റും, ഗ്രേ അല്ലെങ്കില്‍ ഗ്രീന്‍ ടോപ്പും, നീല ഡിജിറ്റല്‍ വാച്ചുമാണ് അണിഞ്ഞിരിക്കുന്നത്’- എന്നായിരുന്നു അവര്‍ കുറിച്ചത്. ലൂസിയുടെ ജഡം കണ്ടെത്തിയശേഷവും മാതാവ് ഈ വിവരം പങ്കുവച്ചിരുന്നു.

ദാരുണമായ സംഭവമാണ് നടന്നതെന്ന് ഹാംപ്ഷയര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചിരിച്ച് എല്ലാവരോടും അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ലൂസിയെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണവര്‍.