ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബിബിസി പ്രഖ്യാപിച്ച ടിവി ചാനൽ മാറ്റം ഫ്രീവ്യൂ, സ്കൈ, വിർജിൻ മീഡിയ ഉപയോക്താക്കളെ ബാധിക്കും. 2023-ൽ ടിവി ന്യൂസ് ചാനൽ ലയനത്തിന് ബിബിസി പദ്ധതിയിടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിബിസി ന്യൂസ്, ബിബിസി വേൾഡ് ന്യൂസ് എന്നീ ചാനലുകൾ അടുത്ത ഏപ്രിലിൽ ഒറ്റ ചാനലായി മാറും. ബിബിസി ന്യൂസ് എന്നാണ് പുതിയ ചാനലിന്റെ പേര്. ലയനത്തിന്റെ ഫലമായി യുകെയിൽ എഴുപതോളം ബിബിസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. എന്നാൽ വാഷിംഗ്ടൺ ഡിസിയിൽ 20 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിലവിൽ, ജനങ്ങൾ വാർത്തകൾ ഏറ്റെടുക്കുന്ന രീതി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബിബിസി ന്യൂസ് ഡിജിറ്റൽ ഡയറക്ടർ നജ നീൽസൺ പറഞ്ഞു.
ലൈവ് കവറേജിലേക്ക് എത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായി. പുതിയ നീക്കത്തിലൂടെ ലൈസൻസ് ഫീസ് അടയ്ക്കുന്നവർക്ക് അന്താരാഷ്ട്ര വാർത്തകൾ പരസ്യരഹിതമായി കാണാനും സാധിക്കും. പകൽ സമയത്ത് ലണ്ടനിൽ നിന്നാണ് ബിബിസി ന്യൂസ് പ്രക്ഷേപണം ചെയ്യുക. മറ്റ് സമയങ്ങളിൽ സിംഗപ്പൂരിൽ നിന്നും വാഷിംഗ്ടൺ ഡിസിയിൽ നിന്നും സംപ്രേഷണം ചെയ്യും.
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമാണ് ഈ നീക്കം. ജനുവരിയിൽ, കൾച്ചർ സെക്രട്ടറി നദീൻ ഡോറിസ് ബിബിസി ലൈസൻസ് ഫീസ് രണ്ട് വർഷത്തേക്ക് £159 ആയി മരവിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. രണ്ട് വാർത്താ ചാനലുകൾ ലയിപ്പിക്കുന്നതിനൊപ്പം, പരമ്പരാഗത പ്രക്ഷേപണ ചാനലുകളായി സിബിബിസി, ബിബിസി ഫോർ സംപ്രേഷണം നിർത്തും. ഓക്സ്ഫോർഡിലെയും കേംബ്രിഡ്ജിലെയും പ്രാദേശിക ടിവി വാർത്താ പരിപാടികൾ നിർത്തലാക്കുമെന്നും അവർ അറിയിച്ചു.
Leave a Reply