ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം നികുതി കുറയ്ക്കുകയാണെന്ന് ലിസ് ട്രസ്. ഉയർന്ന എനർജി ബില്ലുകൾ മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കും. നികുതി കുറയ്ക്കുന്നത് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുമെന്നും ട്രസ് പറഞ്ഞു. നാഷണൽ ഇൻഷുറൻസ് വർദ്ധന ഒഴിവാക്കുമെന്നും അവർ ഉറപ്പ് നൽകി. ഒക്ടോബറിൽ എനർജി ബില്ലുകൾ വീണ്ടും ഉയരുമെന്നിരിക്കെ കുടുംബങ്ങളെ എങ്ങനെ സഹായിക്കുമെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് പലിശ എത്തിയതിനാൽ രാജ്യം മാന്ദ്യത്തിലേക്ക് വീഴുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പണപ്പെരുപ്പ തോത് ഉയരാതെ പിടിച്ചുനിർത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് ഋഷി സുനക് പറഞ്ഞു.
ലിസ് ട്രസിന്റെ പദ്ധതികൾ പെൻഷൻകാരെയും കുറഞ്ഞ വരുമാനമുള്ളവരെയും സഹായിക്കില്ലെന്ന് സുനക് കുറ്റപ്പെടുത്തി. പണപ്പെരുപ്പം വേഗത്തിൽ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ടോറി പാർട്ടിയുടെ അവസ്ഥ പരുങ്ങലിലാകുമെന്ന് സുനക് മുന്നറിയിപ്പ് നൽകി. വിലക്കയറ്റം തുടരുന്നതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply