സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും പേ വിഷബാധ മരണം. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവുനായ് വന്ധ്യംകരണവും പേ വിഷനിർമാർജനവും ഊർജിതമെന്ന് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ അവകാശപ്പെടുന്നതിനിടെ ഉണ്ടായ മരണങ്ങൾ ഞെട്ടിക്കുന്നത്.
കഴിഞ്ഞ ഏഴര മാസത്തിനിടെ 17 ജീവനാണ് തെരുവുനായ്ക്കൾ കാരണം നഷ്ടപ്പെട്ടത്. ഇത് ഏതാണ്ട് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഡെങ്കിപ്പനി മരണങ്ങളുടെ കണക്കിനൊപ്പം വരും .പേവിഷബാധയേറ്റ് 2021ൽ ആകെ മരണം 11 ആയിരുന്നു. 2020ൽ അഞ്ചും. സാധാരണ വർഷത്തിൽ ശരാശരി രണ്ട് ഡസനോളം പേവിഷമരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറ്. അതിപ്പോൾ ഏഴരമാസം പിന്നിടുമ്പോൾ ഒന്നര ഡസനോളമെത്തി.
പേവിഷ ബാധയേറ്റ് മരിച്ചവരിൽ വാക്‌സിൻ സ്വീകരിച്ചവരും ഉൾപ്പെടുന്നു. പാലക്കാട്, മങ്കരയിൽ ബിരുദ വിദ്യാർഥിനി വാക്‌സിനെടുത്തിട്ടും മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനു ശേഷം ഊർജിതമായ നടപടികളിലേക്കാണ് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ കടന്നത്. വാക്‌സിനുകളുടെ ഗുണമേന്മ പരിശോധനയടക്കം പ്രഖ്യാപിച്ചു.
വാക്‌സിൻ നൽകുന്ന നഴ്‌സുമാർക്ക് കൂടുതൽ പരിശീലനവും വാക്‌സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജ് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികളും പ്രഖ്യാപിച്ചു. എന്നിട്ടും കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നാണ് തുടർച്ചയായ പേവിഷമരണങ്ങൾ നൽകുന്ന സൂചന.
Leave a Reply