ഉദയ ശിവ്ദാസ്
ഓണം കതിരോണം നിറവോണം തിരുവോണം
ഓണമതിന്നൊളിമങ്ങാ –
ത്തോർമ്മയതെന്നോണം.
മനതാരിൽ മാമ്പൂക്കൾ തിരിയിട്ടൊരുകാലം
മലരോണപ്പാട്ടിൽ –
തുടികൊട്ടിയിരുന്നുള്ളം.
ഓണനിലാപ്പുടവയുടുത്തെത്തുംപൊൻചിങ്ങം
ഓർമ്മകളിൽ കൈതപ്പൂവിതൾ വിരിയും ഗന്ധം .
മണ്ണിൽ പൂക്കളമെഴുതാൻ പൂമുറ്റമൊരുങ്ങും
വിണ്ണും താരകമലരാൽ പൂവട്ട നിറയ്ക്കും
ഓണം വരവായെന്നൊരു മണിനാദം കേൾക്കാം
മലർവാകക്കൊമ്പിൽ പൂങ്കുയിലാളുടെ പാട്ടിൽ
കനവാകെ പുതുരാഗം ശ്രുതി ചേരുന്നീണം
മനസ്സാകെയൊരാനന്ദ തിരതല്ലലിനോളം
കണ്ണാന്തളി, തിരുതാളി , ചെത്തി, ചെമ്പനിനീർ
താമരമലർ, മന്ദാരം, തുമ്പപ്പൂ, തുളസി,
പൊന്നുരുകി യലിഞ്ഞല്ലീ ചെണ്ടുമല്ലിപ്പൂവും ,
മഴവില്ലിൻചേലിൽ പൂക്കളമെഴുതുന്നെങ്ങും
വിരിയും പുത്തരിയോണം നെൽക്കതിരിൻചുണ്ടിൽ
അറയെല്ലാം നിറയും നൽപ്പൊലിയാൽ നേരോണം
മാവേലിത്തമ്പ്രാനുടെ പുകൾപേറുമതോണം
മലനാടിൻമംഗല്യത്തിരി തെളിയും ഘോഷം.
പനിനീരും കൊണ്ടുവരും കാർമുകിലിന്നോണം ,
പൂങ്കവിളിൻ നനവൊപ്പും
പൊൻവെയിലിനുമോണം.
ഓണവെയിലിലൂളിയിടും പൂത്തുമ്പിക്കോണം
മലയാളക്കര നീളെ കാറ്റിലുമുണ്ടോണം .
പുത്തരിവച്ചമ്മ തരും തിരുവോണസ്സദ്യ
മായാത്തൊരു രുചി തന്നെയതെന്നെന്നും നാവിൽ .
ഇല്ലായ്മകൾ, വല്ലായ്മകൾ തീണ്ടാമനസ്സൊന്നായ് –
കൊണ്ടാടിയിരുന്നോണം പുഞ്ചിരിതൻ നിറവിൽ .
കൈകൊട്ടിക്കളിയുണ്ട് , തിരുവാതിരചുവടും ,
പുലികളിയും, വള്ളംകളി യൂഞ്ഞാലിലാട്ടം
ആരവമതു തീർക്കുന്നു ആർപ്പുവിളിയ്ക്കൊപ്പം
സംഘം ചേർന്നെവിടേയും കേളികളുടെ മേളം
പെരുമകൾതൻ കഥയെഴുതും സഹ്യന്റെ മണ്ണിൽ
കഥകളിയും,കുമ്മാട്ടി,തെയ്യം,തിറയാട്ടം ,
തുഴയില്ലാതൊഴുകുന്ന തിരുവോണത്തോണി !
പൈതൃകമത് തേടുന്നു ഹൃദയങ്ങളിലൂടെ!!
കാലം പോയ് കഥ മാറി ജീവിതവും വഴിയായ് ,
നേരം തികയാറില്ലതു നേരത്തിനു പോലും .
കാശുണ്ടേൽ തിരുവോണം കടകളിലും ലഭ്യം
മാളോർക്കതു മതിയോണം
വഴിപാടിന് മാത്രം.
ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. ബാംഗ്ലൂർ ക്രൈസ്റ്റിൽ MBA യ്ക്കു പഠിക്കുന്നു.
വളരെ നല്ലത്. – ‘