പിങ്കി എസ്

ഓണം – ഐതിഹ്യത്തിന്റെ ശക്തി സൗന്ദര്യമാണ്. ഓണത്തെ സംബന്ധിച്ച് പല ചരിത്ര രേഖകളും കണ്ടെത്താൻ കഴിയുമ്പോഴും , ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് ഉത്സവമായാണ് കരുതി വരുന്നത്. ഓണം തമിഴ് നാട്ടിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കുടിയേറിയതാണെന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.

സംഘ കാലത്ത് മലയാള നാട്ടിലും ബുദ്ധമതം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കർക്കിടകത്തിന്റേയും മഴക്കാലത്തിന്റേയും പഞ്ഞകാലം കഴിഞ്ഞ് ആളുകൾ വീണ്ടും വാണിജ്യം തുടങ്ങുന്ന മാസമാണ് ശ്രാവണ മാസം. പാലി ഭാഷയിൽ ഉള്ള സാവണം, ലോപിച്ചതാകണം ശ്രാവണം.പിന്നീടത് ഓണമായി മാറിയെന്നും കരുതുന്നു. പണ്ടു കാലത്ത് ചിങ്ങമാസത്തിലാണ് വിദേശ കപ്പലുകൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരള തീരത്ത് കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണം കൊണ്ടു വരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങ മാസമെന്നും , ഓണത്തെ പൊന്നോണമെന്നും വിളിച്ചു തുടങ്ങി. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പ്രധാനമായും മനസ്സിലേക്ക് ഓടിയെത്തുക ഓണസദ്യ തന്നെയാണ്. ഉണ്ടറിയണം ഓണം … എന്നാണ് ചൊല്ല് . ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണ ദിവസം വിഭവ സമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. എന്നാൽ ഈ സദ്യയിലുമുണ്ട് വൈവിധ്യങ്ങൾ. വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ തിരുവോണ നാളിൽ ഇലയിൽ മത്സ്യമോ, മാംസമോ വിളമ്പാതെ സദ്യ പൂർണ്ണമാകില്ല. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശുദ്ധ വെജിറ്റേറിയൻ സദ്യയാണ് ഓണത്തിന് കണ്ടു വരുന്നത്. മലപ്പുറം കോഴിക്കോട് ജില്ലക്കാർ മൂന്നാലു ദിവസം മുമ്പ് തന്നെ പുളിയിഞ്ചി നാരങ്ങ മുതലായവ ഒരുക്കി ഓണ സദ്യക്ക് തയ്യാറെടുക്കുമ്പോൾ തെക്കൻ ജില്ലക്കാർ ഉത്രാട നാളിലാണ് പ്രധാനമായും ഇതിനു വേണ്ടി പരക്കം പായുന്നത്. വിഭവ സമൃദ്ധമായ സദ്യയിൽ പ്രധാനമായും എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ്, ചവർപ്പ് എന്നീ ആറു രസങ്ങൾ ഉണ്ടായിരിക്കും.

ഓണത്തെ മുൻ നിർത്തി ഭക്ഷണ സംസ്കാരത്തിന്റെ ചരിത്രം എന്തായിരിക്കും എന്ന് ഒരാലോചന നടത്താം.
ബഹുഭൂരിപക്ഷം മലയാളികളും ശുദ്ധ വെജിറ്റേറിയൻ ആയിരിക്കാൻ ഇഷ്ടപെടുന്നില്ലെങ്കിലും, തെക്കൻ കേരളത്തിലെ തിരുവോണ നാളിലെ ശുദ്ധ സസ്യാഹാര രീതി കൗതുകമുളവാക്കുന്ന ഒന്നാണ്. തിരുവോണ നാളിൽ മത്സ്യ മാംസാദികൾ ആഹരിക്കുക എന്നത് അവരുടെ വിദൂര ചിന്തയിൽ പോലും ഇല്ല. എന്നാൽ മുൻപിൻ ദിവസങ്ങളിൽ ഇതിനൊന്നും യാതൊരു തടസവും ഇല്ല താനും. ഒരുപക്ഷേ ഫ്യൂഡൽ ജന്മിത്വ വാഴ്ചയുടെ കാലത്ത് അടിയാള വിഭാഗങ്ങളിൽ പെട്ട മനുഷ്യർക്ക് ആണ്ടിലൊരിക്കലെങ്കിലും ജന്മിമാരെ പോലെ വിഭവ സമൃദ്ധമായ ഊണ് കഴിക്കുക എന്നത് ഒരു സ്വപ്നമായിരുന്നിരിക്കാം. വിഭവ സമൃദ്ധമെന്നാൽ അന്നത്തെ പ്രമാണിമാരുടെ വിസ്തരിച്ചുള്ള ശാപ്പാടും, അതിനു ശേഷമുള്ള നാലും കൂട്ടിയുള്ള മുറുക്കും ആണെന്ന് പറയേണ്ടതില്ലല്ലോ. ആചാരപരമായി തന്നെ ചില ആഹാര പദാർത്ഥങ്ങൾ ചില ജാതികൾക്ക് വിലക്കപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ത്വരയിൽ നിന്നുമാകാം തന്റെ സ്ഥായിയായ ജീവിത ക്രമത്തിന്റെ ഭാഗം അല്ലാതിരുന്നിട്ടു പോലും അത്തരം ശുദ്ധ സസ്യ ഭക്ഷണ ശൈലി അവൻ ഓണത്തിനെങ്കിലും സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ ശ്രമം പോലും സാമൂഹിക മാറ്റത്തിലേക്കുള്ള ചുവടു വയ്പായി കരുതുന്നതിൽ തെറ്റില്ല.

19ാം നൂറ്റാണ്ടിൽ അവർണ്ണ പ്രധാനികളായ ഈഴവർക്കും മറ്റും , വിവാഹത്തിന് നാലു തരം വിഭവങ്ങളോടെ സദ്യ നടത്തണമെങ്കിൽ പോലും മഹാരാജാവിന് മുൻകൂട്ടി പണം അടിയറ വെച്ച് അനുവാദം വാങ്ങേണ്ടിയിരുന്നു. എറണാകുളം പ്രവൃത്തിയിൽ ചിറ്റൂരു ദേശത്ത് കെള മംഗലത്ത് വീട്ടുകാർ കീഴ് മര്യാദ അല്ലാതെ അധിക പദവികൾ എടുത്ത് കൊണ്ട് പെണ്ണ് കെട്ട് കല്യാണം കഴിച്ചതിന് ശിക്ഷ ലഭിച്ചതായി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയിൽ പി.ഭാസ്ക്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട്. അധിക പദവി എന്നു പറയുന്നത് ഒരാറു കാലി പന്തലു കെട്ടിയതോ, വലിയ പപ്പടം കാച്ചി വിളമ്പിയതോ ഒക്കെ ആകാം. ഇക്കാര്യങ്ങൾ കേൾക്കുമ്പോൾ ഭക്ഷണ കാര്യങ്ങളിൽ വിലക്ക് ഉണ്ടായിരുന്നത് കീഴ് ജാതിക്കാർക്ക് മാത്രമാണെന്ന് ധരിക്കരുത്. മറിച്ച് ഭക്ഷണത്തിൽ ബ്രാഹ്‌മണർക്കും ഉള്ളി, വെളുത്തുള്ളി, ചുരയ്ക്ക, കരിഞ്ചണം, നെല്ലി എന്നിവയുടെ ഉപയോഗം വർജ്യമായിരുന്നു. മനു സ്മൃതിയിൽ അഭക്ഷ്യ പദാർത്ഥങ്ങളുടെ കൂട്ടത്തിൽ വെളുത്തുള്ളി, മുരിങ്ങ, ചുവന്നുള്ളി, ഭൂമിയിലും മരത്തിലുമുണ്ടാകുന്ന കൂൺ, അശുദ്ധ സ്ഥലങ്ങളിലുണ്ടാകുന്ന പദാർത്ഥങ്ങൾ ഇവ ബ്രാഹ്മണനു നിഷിദ്ധമെന്ന് പറയുന്നുണ്ട്. 19-ാo നൂറ്റാണ്ടിൽ പോലും ഇതിനു വ്യത്യാസമുണ്ടായതുമില്ല. പൊതുവേ എല്ലാ ജനങ്ങളും നന്നേ പുലർന്നുള്ള ഭക്ഷണം, അത്താഴമെന്ന നേരം മങ്ങിയുള്ള ഭക്ഷണം എന്നിങ്ങനെയുള്ള രണ്ടു നേരത്തെ ആഹാരം കൊണ്ട് തൃപ്തരായിരുന്നു. ഇതിൽ ഉയർന്ന നായന്മാരുടെ ഭവനങ്ങൾ ഒഴികെയുള്ള നായർ ഭവനങ്ങളിലും, ഈഴവർ തൊട്ടുള്ള താണ ജാതിക്കാരുടെ പുരകളിലും നിത്യഭക്ഷണം വളരെ മോശപ്പെട്ടത് ആയിരുന്നു. ചോറ് അപൂർവ്വം – അഥവാ ഉണ്ടെങ്കിൽ ഏറ്റവും മോശപ്പെട്ട അരിയുടേത് ആയിരുന്നു. ചാമ, തിന, മുള, നെല്ല്, കൂവരക്, മുതിര, പയറ് ഇവ കൊണ്ടുള്ള കഞ്ഞിയോ, കാടിയോ, പുഴുക്കോ കൊണ്ട് അവർ ഒരു വിധം അഷ്ടി കഴിച്ചു വന്നു. എന്നാൽ ഇല്ലങ്ങളിലും , പ്രഭു ഭവനങ്ങളിലും എന്നും സമൃദ്ധിയുടെ വിളയാട്ടവും. ഭക്ഷണം വെജിറ്റേറിയൻ വേണോ, നോൺ വെജിറ്റേറിയൻ വേണമോ എന്നുള്ളത് ആചാരപരമായി തീരുമാനിക്കപ്പെടുന്ന പ്രവണത ഇന്നും നില നിൽക്കുന്നു. ശുദ്ധമായ സസ്യഭക്ഷണ രീതി ബുദ്ധജൈന മതങ്ങളുടെ സംഭാവന ആയിരുന്നിരിക്കണം.

നാം പൂർണ്ണമായും സസ്യഭുക്കുകൾ ആയിരുന്നു എന്നത് നമ്മുടെ വേദങ്ങൾ പോലും അവകാശപ്പെടുന്നില്ല. എങ്കിലും ഭക്ഷണം ഇപ്പോഴും രാഷ്ട്രീയ ഉപകരണമാകുന്നു. മലയാളിയുടെ സന്തോഷത്തിന്റെ നല്ല ദിനങ്ങളാണ് ഓണ നാളുകൾ. അനേകം കളികളുടെ ഉത്സവമാണ് ഓണം. പുത്തനുടുപ്പിട്ട കുഞ്ഞുങ്ങളുടെ ഊഞ്ഞാലേറലാണ് ഓണം. ആദരിക്കപ്പെടുന്ന വൃദ്ധ മനസ്സുകളുടെ നിറവാണ് ഓണം. കാർഷിക സമൃദ്ധിയുടെ മധുരമുള്ള ഓർമ്മകളാണ് ഓണം. മാനവ മൈത്രിയുടെ സന്ദേശം ആവർത്തിച്ചു പുതുക്കലാണ് ഓണം.

വരുന്ന ഓണ നാളുകളേയും നമുക്കിഷ്ടമുള്ള ആഹാരം കഴിച്ചു കൊണ്ട് സന്തോഷത്തിന്റെ ദിനങ്ങളാക്കി മാറ്റാം.

പിങ്കി എസ്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.