ബിനോയ് എം. ജെ.

ആഗ്രഹമാണ് മനുഷ്യന്റെ എല്ലാ ദു:ഖങ്ങൾക്കും കാരണമെന്ന് ആദ്യമായി വ്യക്തമായും കൃത്യമായും പറഞ്ഞത് ശ്രീബുദ്ധൻ ആണെങ്കിലും അങ്ങനെ ഒരാശയം ആർഷഭാരത സംസ്കാരത്തിന്റെ ആരംഭം മുതൽ തന്നെ ഭാരതത്തിൽ പ്രചരിച്ചിരുന്നു. ജീവിതത്തോടും അതിന് നിറം പകരുന്ന ആഗ്രഹം എന്ന പ്രതിഭാസത്തോടും ഭാരതീയർക്ക് തുടക്കം തന്നെ വിരോധമായിരുന്നു. സംസാര സാഗരത്തിൽ വീഴാതിരിക്കുവാനും അതിലെ ക്ലേശങ്ങൾ നമ്മെ സ്പർശിക്കാതിരിക്കുവാനും ആഗ്രഹങ്ങളെ അടക്കേണ്ടത് അനിവാര്യമാണെന്ന് ആർഷഭാരതത്തിലെ യോഗിമാർ പഠിപ്പിച്ചുപോന്നിരുന്നു. വാസ്തവത്തിൽ ആർഷഭാരത സംസ്കാരം മാനവസംസ്കാരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. അതിനാൽതന്നെ അതിലെ വാദഗതികളും ആശയങ്ങളും ആദർശങ്ങളും ജീവിതത്തിലും അതിലെ സുഖഭോഗങ്ങളിലും വീണു പോകാതെ മാനവരാശിയെ സംരക്ഷിക്കുന്നതിന് വേണ്ടി രൂപം കൊണ്ടവയാണ്. ജീവിതത്തിലെ സുഖഭോഗങ്ങളിലും അവയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളിലും അവ ഉണർത്തുന്ന അനന്തസാധ്യതകളിലും ഒരിക്കൽ വീണുപോയാൽ പിന്നീട് കരകയറുന്നത് ബുദ്ധിമുട്ടാണെന്ന് അവർക്ക് അറിയാമായിരുന്നു. അതിനാൽതന്നെ ശാസ്ത്രീയ ആഭിമുഖ്യവും ശാസ്ത്രീയ വിജ്ഞാനവും ഭാരതത്തിൽ ഒട്ടും തന്നെ വളർന്നു വന്നിരുന്നില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഭൂമിശാസ്ത്രപരമായി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ നാം സഹസ്രാബ്ദങ്ങളോളം അപ്രകാരം കഴിഞ്ഞു പോരികയും ചെയ്തിരുന്നു. ഇപ്രകാരം ജീവിതാഭിമുഖ്യവും ശാസ്ത്രീയ പുരോഗതിയും ഇല്ലാതിരുന്ന ഭാരതം അന്ധകാരത്തിലും അലസതയിലും വീണു പോയിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിൽ ഭാരതത്തെ അനായാസം കീഴടക്കുവാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു എന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ആഗ്രഹങ്ങളുടെ അഭാവമായിരുന്നു ഭാരതീയർക്ക് വിനയായി ഭവിച്ചത്. വാസ്തവത്തിൽ അത് ആഗ്രഹങ്ങളുടെ അഭാവമായിരുന്നില്ല മറിച്ച് ആഗ്രഹങ്ങളുടെ അടിച്ചമർത്തപ്പെട്ട അവസ്ഥയായിരുന്നു. അടിച്ചമർത്തപ്പെടുന്ന ആഗ്രഹങ്ങളിൽ നിന്നും അപകർഷത ജനിക്കുന്നു എന്ന് ആധുനിക മന:ശ്ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ആഗ്രഹനിവൃത്തി അത്യുന്നതമായ ആദർശവും ആശയവുമാണെങ്കിലും പക്വതയെത്താത്ത ഒരു വ്യക്തിയുടെ മനസ്സിലേക്കോ സമൂഹമനസ്സിലേക്കോ പ്രസ്തുത ആശയം വിതയ്ക്കപ്പെട്ടാൽ അത് ആഗ്രഹങ്ങളെ നിർമാജ്ജനം ചെയ്യുന്നതിന് പകരം ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതിനേ വിനിയോഗിക്കപ്പെടൂ എന്ന് വ്യക്തം. മാനവസംസ്കാരം ഇതിനോടകം തന്നെ അതിന്റെ ശൈശവദശയെ പിന്നിടുകയും ഏറെക്കുറെ യൗവനദശയിലേക്ക് പ്രവേശിക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. നാം ശിശുക്കളായിരുന്നപ്പോൾ ശിശുക്കളേപ്പോലെ ചിന്തിച്ചു, എന്നാൽ പ്രായപൂർത്തിയായപ്പോൾ ശിശുസഹജമായവയെ കൈവെടിയേണ്ടിയിരിക്കുന്നു. ശാസ്ത്രീയ പുരോഗതിയും സാഹസികതയും കൊണ്ടുവന്ന അനന്തസാധ്യതകൾ ലോകത്തെ മുഴുവൻ ഗ്രസിച്ചപ്പോൾ ഭൂമിശാസ്ത്രപരമായി ശിഷ്ടലോകത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരുന്ന ഭാരത്തിൽ അവയുടെ വെളിച്ചം കടന്നു വന്നിരുന്നില്ല.

മുകളിൽ സൂചിപ്പിച്ച പ്രകാരം മാനവസംസ്കാരം അതിന്റെ യൗവനദശയിലേക്ക് പ്രവേശിക്കുകയാണ്. ശാസ്ത്രവും അത് സമ്മാനിക്കുന്ന ജീവിതസുഖങ്ങളും അതിന്റെ പാരമ്യത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ജീവിതസുഖങ്ങളിലും ജീവിതാഭിമുഖ്യത്തിലും അതിലെ സാഹസികതകളിലും വീണുപോകാതെ നോക്കുന്നതിന് പകരം അവയിലൂടെയെല്ലാം സന്തോഷത്തോടെയും സധൈര്യവും കടന്നു പോയി അവയുടെയെല്ലാം വ്യർത്ഥതയെകുറിച്ച് ബോധവാന്മാരായി കാലക്രമേണ അവയെ എല്ലാം പരിത്യജിക്കുക എന്നത് മാത്രമാണ് ആധുനിക മനുഷ്യന് കരണീയമായിട്ടുള്ളത്. ഇവിടെ സംഭവിക്കുന്ന വിരക്തി ജീവിതസുഖങ്ങളിൽ വീഴാതിരിക്കുമ്പോഴുള്ള വിരക്തിയിൽനിന്നും അൽപം ഭിന്നവും ഒരുപക്ഷെ അതിനെക്കാൾ അൽപം ശ്രേഷ്ഠവുമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം ആഗോള സംസ്കാരത്തിന്റെ ഹൃദയസ്പന്ദനത്തിനൊപ്പം ഭാരതത്തിന്റെ ഹൃദയവും സ്പന്ദിച്ചുതുടങ്ങി എന്നതിന്റെ തെളിവാണ് ഇപ്പോൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികവും ,ശാസ്ത്രീയവും, സാമൂഹികവും, രാഷ്ട്രീയവുമായ പുരോഗതി. ഇവിടെ ആർഷഭാരത സംസ്കാരവും അദ്വൈത ചിന്താപദ്ധതിയുമൊക്കെ പുതിയ രൂപഭാവങ്ങളോടെ പുനർജ്ജനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഭൗതികയിലും ലൗകികതയിലും മാത്രമൂന്നിയ ആധുനിക മനുഷ്യൻ സങ്കീർണ്ണമായ ജീവിതപ്രശ്നങ്ങൾക്കുമുന്നിൽ ഒരു ഞരമ്പ് രോഗിയെപോലെ പകച്ച് നിൽക്കുമ്പോൾ ഭാരതീയ ചിന്താപദ്ധതി ഒരു ഔഷധവും ഒരു സാധ്യതയുമായി പരിണമിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120