ഖത്തറിലെ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ട നാലുവയസുകാരി മിന്‍സ മറിയം ജേക്കബിന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ജന്മനാടായ കോട്ടയത്തെ ചിങ്ങവനത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് തന്നെ മൃതദേഹം അടക്കം ചെയ്തു. മകള്‍ വീട്ടുമുറ്റത്തു തന്നെ ഉണ്ടാകണമെന്ന പിതാവ് അഭിലാഷിന്റെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകള്‍ ഒഴിവാക്കി വീട്ടുമുറ്റത്ത് മൃതദേഹം സംസ്‌കരിച്ചത്.

ചിങ്ങവനത്തെ കൊച്ചുപറമ്പില്‍ വീടിന്റെ പരിസരത്തേക്ക് മിന്‍സ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനായി നാട് ഒഴുകിയെത്തിയിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട മൃതദേഹം മിന്‍സ ഓടിക്കളിച്ച വീട്ടുമുറ്റത്തേക്ക് എത്തിയതോടെ അനുഗമിച്ച മാതാപിതാക്കളും കുടുംബാഗങ്ങളും കണ്ണീരടക്കാനാകാതെ വിങ്ങിക്കരഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

കുട്ടിയുടെ മരണം ഖത്തറിലും വലിയ വിവാദമായിരിക്കെ രണ്ടുദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. നാലാം ജന്മദിനാഘോഷം കഴിഞ്ഞുള്ള സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കുട്ടി സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ടത്.

സ്‌കൂള്‍ ബസില്‍ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. തുറസായ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിലെ ചൂടാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.