ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വാണിജ്യ മന്ത്രി കോണർ ബേൺസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ രീതിയിൽ പെരുമാറ്റചട്ട ലംഘനം ഉണ്ടായ ആരോപണത്തെ തുടർന്ന് അദ്ദേഹത്തെ ഗവൺമെന്റിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് പ്രധാനമന്ത്രി ലിസ് ട്രസ്. ഇദ്ദേഹത്തിൽ നിന്നും ടോറി പാർട്ടി വിപ്പും നീക്കയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി കോൺഫറൻസിൽ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും തികച്ചും മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടായെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ വിമർശനം ഉയർന്ന ഉടൻതന്നെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരിക്കുകയാണ്. പാർട്ടിയുടെ അന്വേഷണ നടപടികളുമായി താൻ പൂർണ്ണമായും സഹകരിക്കുമെന്നും തന്റെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം തെറ്റാണെന്ന് തെളിയിക്കുവാൻ പൂർണ്ണമായി പരിശ്രമിക്കുമെന്നും ബേൺസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരാതിയെക്കുറിച്ച് തനിക്ക് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും തന്നോട് യാതൊരുവിധ തരത്തിലുള്ള വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ലെന്നും ബേൺസ് വ്യക്തമാക്കി. പാർട്ടി അന്വേഷണം വേഗത്തിൽ നടക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പരാതിയെത്തുടർന്ന്, കോണർ ബേൺസ് എംപിയോട് അടിയന്തരമായി സർക്കാർ വിടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് ഡൗണിങ്‌ സ്ട്രീറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. എല്ലാ മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ തന്നെയാണ് ഇത്തരത്തിൽ ഒരു നടപടി പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയായി ഒരു മാസത്തിനോടകം തന്നെ ലിസ് ട്രസ്സിന്റെ സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് ആഞ്ചലാ റേയ്നർ കുറ്റപ്പെടുത്തി. 2010 മുതൽ ബോൺമൗത്ത് വെസ്റ്റിന്റെ എംപിയായ ബേൺസ് ലിസ് ട്രസിന്റെയും ബോറിസ് ജോൺസന്റെയും കീഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഗവൺമെന്റ്ൽ നിന്ന് പുറത്താക്കിയതിൽ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്.