ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കൂടുതൽ ശമ്പളം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തുടനീളം നേഴ്സുമാർ സമരമുഖത്തേക്ക് . ഇത് രാജ്യം കണ്ട ഏറ്റവും വലിയ നേഴ്സുമാരുടെ പണിമുടക്ക് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ മൂന്ന് ലക്ഷം അംഗങ്ങൾ പണിമുടക്കിനോട് സഹകരിക്കും . പണിമുടക്ക് നടന്നാൽ അത് യുകെയിൽ ഉടനീളം ആരോഗ്യം മേഖലയെ കാര്യമായി ബാധിക്കും.
പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചു. എന്നാൽ സർക്കാരിൻറെ അഭ്യർത്ഥനയെ തള്ളിക്കളയുന്ന നയമാണ് നേഴ്സുമാരുടെ യൂണിയൻ്റേത്. പരിചയസമ്പന്നരും അല്ലാത്തവരുമായ നല്ല വിഭാഗം നേഴ്സുമാർ ഈ ജോലികളിൽ ഒരു ഭാവി കാണാൻ സാധിക്കാത്തവരാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാറ്റ് കുള്ളൻ പറഞ്ഞു.
പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനാണ് നേഴ്സിംഗ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. 166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ.
Leave a Reply