ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനുവരി 19 മുതൽ യുകെയിൽ നിന്നുള്ള വിസാ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ അറിയിച്ചു. ഉയർന്ന ഫീസ് മൂലമാണ് ആമസോണിൻെറ ഈ പുതിയ നീക്കം. എന്നാൽ വിസ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുന്നത് തുടരും. ഭാവി ഉപയോക്താക്കളുടെ അഭിപ്രായത്തെ ആമസോൺ നിയന്ത്രിക്കുന്നത് നിരാശാജനകമാണെന്ന് വിസ പ്രതികരിച്ചു. കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള ചെലവ് ഉപഭോക്താക്കൾക്ക് മികച്ച വില നൽകാൻ ശ്രമിക്കുന്ന ബിസിനസുകൾക്ക് ഒരു തടസ്സമായി തീരുന്നതിനാലാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് ആമസോൺ പറഞ്ഞു.

ആമസോൺ പ്രൈം ഉപയോക്താക്കൾ വിസ ഉപയോഗിക്കുന്നത്തിൽ നിന്ന് മറ്റൊരു പെയ്മെൻറ് രീതിയിലേക്ക് മാറിയാൽ 20 പൗണ്ടും മറ്റ് ഉപഭോക്താക്കൾക്ക് 10 പൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാവിയിൽ ഉപയോക്താക്കളുടെ തെരഞ്ഞെടുപ്പുകളെ ആമസോൺ നിയന്ത്രിക്കുന്നുവെന്നും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പരിമിതം ആകുമ്പോൾ ആരും വിജയിക്കില്ലെന്നും വിസ പറഞ്ഞു. ആമസോണുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്നും ആമസോൺ പ്രൈമിലുള്ള ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം വരാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ക്രെഡിറ്റ് കാർഡുകളിൽ നടത്തുന്ന ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് റീട്ടെയിലറിൽ നിന്ന് എത്ര തുകയാണ് വിസ ഈടാക്കുന്നതെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആമസോണും വിസയും തമ്മിലുള്ള ഫീസിലെ മാറ്റങ്ങൾക്ക് ബ്രെക്സിറ്റുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു. ബ്രെക്സിറ്റിന് ശേഷം യുകെയിലെയും യൂറോപ്യൻ യൂണിയൻെറയും അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് നിരക്ക് വിസ കൂട്ടിയിരുന്നു. ആമസോണിൽ നിന്ന് ക്രെഡിറ്റ് കാർഡ് കമ്പനി ഈടാക്കുന്ന ഫീസിനെ തുടർന്നാണ് ആമസോണും വിസയും തമ്മിലുള്ള തർക്കം. യുഎസ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ പങ്കാളിത്തത്തിൽ നിന്ന് വിസയെ ഒഴിവാക്കുന്നതിനെക്കുറിച്ചും ആമസോൺ ആലോചിക്കുന്നുണ്ട്.