ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബര്‍മിംഗ്ഹാം : ബര്‍മിംഗ്ഹാമിലെ റീസൈക്ലിംഗ് പ്ലാന്റിൽ വൻ തീപിടുത്തം. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. നെഷെല്‍സ് മൗണ്ട് സ്ട്രീറ്റിലെ സ്മര്‍ഫിറ്റ് കാപ്പാ റീസൈക്ലിംഗ് സെന്ററില്‍ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. വെയര്‍ഹൗസിലെ 8000 ടണ്‍ പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് കൂമ്പാരത്തിനാണ് തീപിടിച്ചത്. വലിയ പുകയും ചാരവും അന്തരീക്ഷത്തിൽ ഉയർന്നതോടെ വീടുകളുടെ ജനലും, വാതിലും അടച്ചിടാന്‍ പ്രദേശവാസികൾക്ക് നിർദേശം നൽകി. സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

ഞായറാഴ്ച രാത്രി 7.40-ഓടെയാണ് ബര്‍മിംഗ്ഹാം നെഷെല്‍സിലെ മൗണ്ട് സ്ട്രീറ്റില്‍ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഫയര്‍ സര്‍വ്വീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 110 ജീവനക്കാർ തീ അണയ്ക്കാനായി പരിശ്രമിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഫയർ സർവീസ് ഏരിയ കമാൻഡർ സാം ബർട്ടൺ അറിയിച്ചു. തീ പടരുന്നത് തടയാനായി സമീപത്തെ കനാലിൽ നിന്ന് മിനിറ്റിൽ 8000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ഏഴ് ഏക്കർ വരുന്ന സെന്ററിൽ തീപിടുത്തം ഉണ്ടായതിന് പിന്നാലെ പ്രദേശത്തെ റോഡുകള്‍ അടച്ചിട്ടു.

പോലീസ്, ആംബുലന്‍സ് ജീവനക്കാര്‍ക്കൊപ്പവും, എന്‍വയോണ്‍മെന്റ് ഏജന്‍സി, സെവേണ്‍ ട്രെന്റ് വാട്ടര്‍, ഓണ്‍-സൈറ്റ് സ്റ്റാഫ് എന്നിവര്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിച്ച് സുരക്ഷിതമായി തീ കെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഫയര്‍ സര്‍വ്വീസ് അറിയിച്ചു.