ലോക കായിക ഭൂപടം ഫുട്‍ബോൾ ആവേശത്തിലേക്ക് ചുരുങ്ങുന്ന മണിക്കൂറിനാണ് നമ്മൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ആവേശ പൂരത്തിന് തിരിതെളിയും. പൂരത്തിന്റെ അവസാനം പോർവിളികളും പോരാട്ടവും അവസാനിക്കുമ്പോൾ അന്തിമ വിജയിയെ നമുക്ക് അറിയാൻ സാധിക്കും. അര്ജന്റീനക്കും ബ്രസീലിനും ജർമനിക്കും പോർച്ചുഗലിനും തുടങ്ങി കുഞ്ഞൻ ടീമുകൾക്ക് വരെ ആരാധകരുണ്ട് എന്നതാണ് പ്രത്യേകത.

ഞായറാഴ്ച അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന എതിർപ്പുകൾ അതിജീവിച്ചാണ് ഖത്തർ ഇത്തരം ഒരു മാമാങ്കത്തിന് ഒരുങ്ങുന്നത്. തങ്ങളുടെ ലോകകപ്പ് ബിഡ് വിജയിക്കാൻ ഖത്തർ കൈക്കൂലി നൽകിയതിനും സ്റ്റേഡിയം പണി കഴിപ്പിക്കാൻ ഒരുപാട് ആളുകളുടെ ജീവൻ കൊടുത്തെന്നും ഉള്ള ആരോപണം ഉണ്ടായിരുന്നു.

തങ്ങളുടെ ലോകകപ്പ് ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് അറബ് രാജ്യം മറ്റൊരു പുതിയ അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ്. തന്ത്രപരമായ രാഷ്ട്രീയ കാര്യങ്ങളിൽ വിദഗ്ധനും സൗദി അറേബ്യയിലെ ബ്രിട്ടീഷ് സെന്ററിന്റെ റീജിയണൽ ഡയറക്ടറുമായ അംജദ് താഹയുടെ അഭിപ്രായത്തിൽ, നാളത്തെ ആദ്യ മത്സരം ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോറിയൻ കളിക്കാർക്ക് 7.4 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്നാണ് ആരോപണം.

ട്വിറ്ററിൽ അദ്ദേഹം ട്വീറ്റ് ചെയ്തു, “എക്‌സ്‌ക്ലൂസീവ്: നാളെ ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോർ കളിക്കാർക്ക് 7.4 മില്യൺ ഡോളർ കൈക്കൂലി നൽകി (1-0 ആയിരിക്കും സ്കോർ ). അവർ തന്നെ ഇത് സമ്മതിക്കുന്നുണ്ട്. ഇത് പറഞ്ഞത്, ഫിഫ അന്വേഷണം നടത്താനാണ്.”

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് നടത്താനിരിക്കുന്ന ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം സംഭവിച്ചാൽ അത് എല്ലാ മത്സരങ്ങളെയും ബാധിക്കും.