ജോബി തോമസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്കിൽ കലയും സംസ്കാരവും ഒരേ വേദിയിൽ സമന്വയിക്കുന്ന അപൂർവ സാംസ്കാരിക മഹോത്സവത്തിന് തിരി തെളിയുവാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം. ബേസിംഗ്സ്റ്റോക്ക് ആസ്ഥാനമായ വെളിച്ചം തീയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെ ക്യൂ എം സി ഓഡിറ്റോറിയത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിസ്മയകരമായ മാജിക്കൽ മെന്റലിസം ഷോ, പൊട്ടിച്ചിരിയുടെ മാലപടക്കം തീർക്കുന്ന മിമിക്സ് പരേഡ്, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, നാദവിസ്മയം തീർക്കുന്ന മെഗാ ചെണ്ടമേളം, സാമൂഹിക-സംഗീത-ചരിത്ര നാടകമായ ‘ജീൻവാൽജീൻ’ എന്നിവ ഉൾപ്പെടെ കലയുടെ വിവിധ മുഖങ്ങൾ ഒരേ വേദിയിൽ അണിനിരക്കുമ്പോൾ, ബേസിംഗ്സ്റ്റോക്കിലെയും സമീപ പ്രദേശങ്ങളിലെയും കലാസ്വാദകർക്ക് ഏറെ നാളുകൾ ഓർമ്മയിൽ സൂക്ഷിക്കാവുന്ന കലാവിരുന്നായിരിക്കും.
യുകെയിലെ ചെണ്ടമേളയുടെ ആശാനായി അറിയപ്പെട്ടിരുന്ന വെളിച്ചം തീയറ്റേഴ്സിന്റെ മാർഗദർശിയും അഭിനേതാവുമായിരുന്ന, അകാലത്തിൽ വേർപിരിഞ്ഞ ഫിലിപ്പ്കുട്ടി അച്ചായന് ആദരവ് സമർപ്പിച്ചാണ് മുഴുവൻ പരിപാടികളും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന പ്രത്യേക ചടങ്ങും വേദിയിൽ നടക്കും.

ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജിഷ് ടോം, യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ശ്രി.എസ്. ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം കൃത്യം 3 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വെളിച്ചം തീയേറ്റേഴ്സ് പ്രസിഡന്റും കലാകാരനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘സൈന്യാധിപൻ’ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും.

ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തിൽ രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോർട്സ്മൗത്ത്, സ്വിണ്ടൻ എന്നിവിടങ്ങളിലെ ശിഷ്യർ അവതരിപ്പിക്കുന്ന മെഗാ ചെണ്ടമേളം, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കൽ മെന്റലിസം ഷോ, കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവൻ ദിലീപിന്റെ മിമിക്സ് പരേഡ്, ഡി3, ഡി4 ഉൾപ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓൺ ഡാൻസേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്കാരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടും.
സാംസ്കാരിക സായാഹ്നത്തിന്റെ പ്രധാന ആകർഷണമായി വെളിച്ചം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന സാമൂഹ്യ-സംഗീത-ചരിത്ര നാടകമായ ‘ജീൻവാൽജീൻ’ അരങ്ങേറും. വിശ്വപ്രശസ്ത സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെ ‘ലെസ് മിസറബിൾസ് ‘എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ നാടകത്തിൽ നിരവധി നാടകങ്ങളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റർ, യുകെയിൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിമുകളിലും, നാടകങ്ങളിലും മികവാർന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കൾ എന്ന നിലയിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്, സാജു സ്റ്റീഫൻ, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ ഫിലിപ്പ്, ബിനീഷ് അഗസ്റ്റിൻ, ജെസ്വിൻ ജോയ്, ജിതിൻ ജോസ്, നിദിയാ ആൽബർട്ട്, ബിന്ദു ബിജു, രാജു തോമസ്, മാസ്റ്റർ ആന്റൻ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിടുന്നത്.

നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടർ- വിൻസെന്റ് പോൾ, ക്രിയേറ്റീവ് കോർഡിനേറ്റർ- സി. എ. ജോസഫ്, ചമയം & മീഡിയ പ്രമോഷൻ- ജോജി തോട്ടത്തിൽ, രംഗസജ്ജീകരണം- സജി കുന്നത്ത്, റെക്കോർഡിംഗ്-ജെസ്വിൻ ജോയ്, പശ്ചാത്തല സംഗീതം- ആൽബി മഠത്തിൽ എന്നിവരാണ്
യുകെയിലെ വിവിധ വേദികളിൽ ശ്രദ്ധേയമായ അവതരണശൈലിയിലൂടെ പ്രേക്ഷകപ്രീതി നേടിയ അശ്വതി ഹരീഷും ജോംസി അരുണും പരിപാടിയുടെ അവതാരകരായിരിക്കും.
ഈ അപൂർവ കലാവിരുന്നിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
https://forms.gle/BGe2uZDDfoxU
പരിപാടികൾ കൃത്യം 3 പി എം ന് ആരംഭിക്കുന്നതിനാൽ ഉച്ചയ്ക്ക് 2 മണി മുതൽ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ഒരു പരിപാടിയും നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും 3 പി എം ന് മുമ്പായി എത്തിച്ചേരണമെന്നും, സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
QMC Auditorium, Cliddesden Road, Basingstoke, RG21 3HF
തീയതി: 2026 ജൂലൈ 12 (ഞായർ)
സമയം: 3.00 pm – 8.00pm.











Leave a Reply