ബ്രിട്ടീഷ് കമ്പനികളും ആഴ്ചയില്‍ 4 ദിവസം എന്ന നിലയില്‍ ജോലിയിലേക്ക് മാറിത്തുടങ്ങി.
യുകെയില്‍ ആദ്യമായി ആഴ്ചയില്‍ നാല് പ്രവൃത്തിദിനങ്ങള്‍ ചുരുക്കാന്‍ തയ്യാറായ നൂറോളം കമ്പനികളിലെ ഏകദേശം 2600 ജോലിക്കാര്‍ പുതിയ ജോലി ക്രമത്തിലേക്ക് മാറുകയാണ്.

ആദ്യകാല സാമ്പത്തിക യുഗത്തിന്റെ ‘ഹാംഗോവറാണ്’ അഞ്ച് പ്രവൃത്തിദിന ക്രമമെന്ന് ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിനായി വാദിക്കുന്നവര്‍ പറയുന്നു. ഈ വിധത്തില്‍ ജോലി ചെയ്യുന്നത് വഴി ഉത്പാദനക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നും, കുറഞ്ഞ മണിക്കൂറില്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു.

ഫ്രാന്‍സില്‍ നടത്തിയ നാല് പ്രവൃത്തിദിന പരീക്ഷണത്തില്‍ ജോലിക്കാര്‍ കുറഞ്ഞ ദിവസങ്ങളില്‍ കൃത്യമായ തോതില്‍ സമയം ചെലവഴിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കമ്പനികള്‍ക്ക് അധിക സമയത്തിന് അധികമായി പണം നല്‍കേണ്ടിവരികയും ചെയ്യുകയായിരുന്നു.

യുകെയില്‍ രണ്ട് വലിയ കമ്പനികളായ ആറ്റം ബാങ്കും, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്പനി എവിനും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ രണ്ട് കമ്പനികള്‍ക്കുമായി യുകെയില്‍ 450-ഓളം ജീവനക്കാരാണുള്ളത്. 4 പ്രവൃത്തിദിനത്തിന് അംഗീകാരം നല്‍കിയതോടെ ജോലിക്കാരെ ദീര്‍ഘമായ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം കുറഞ്ഞ സമയം ജോലി ചെയ്യാന്‍ അനുവദിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്.

കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് നാല് പ്രവൃത്തിദിനത്തിലേക്ക് മാറുന്നതോടെ കൈവരിക്കുന്നതെന്ന് എവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആഡം റോസ് വ്യക്തമാക്കി. 70 കമ്പനികളില്‍ 3300 ജോലിക്കാരെ ഉള്‍പ്പെടുത്തിയാണ് യുകെ ക്യാംപെയിന്‍ ട്രയല്‍സ് സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പൈലറ്റ് സ്‌കീമില്‍ കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളും, ബോസ്റ്റണ്‍ കോളേജ്, ബുദ്ധികേന്ദ്രമായ ഓട്ടോണോമി എന്നിവരും പങ്കെടുത്തിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്‍ഡ‍ിലെ സന്ന മരിൻ‌ആണ് വിപ്ലവകരമായ ആശയം ആദ്യം നടപ്പാക്കിയത്. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയമാണ് ഫിൻ‌ലാൻ‌ഡ് പ്രധാനമന്ത്രി സന്ന മരിൻ നടപ്പാക്കിയത്. ഫിൻ‌ലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉണ്ടായിരുന്നത്.