കോയമ്പത്തൂര്‍: പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ പാസെടുത്താല്‍ മാത്രം പോരെന്നാണ് കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി ബൊട്ടാനിക്കല്‍ ഗാര്‍ഡന്റെ പുതിയ നിബന്ധന. തിരിച്ചറിയല്‍ രേഖകളോ ആധാര്‍ കാര്‍ഡോ ഒന്നും ഇവിടെ വിലപ്പോവില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യുവതീയുവാക്കള്‍ക്ക് പ്രവേശനമനുവദിക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ക്കിലെത്തുന്ന യുവതീയുവാക്കള്‍ അനാശ്വാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാലാണത്രേ ഈ പുതിയ നിബന്ധനയെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്. ക്യാംപസിലെ വിദ്യാര്‍ത്ഥികളും അനാശ്വാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലും സര്‍വകലാശാല നടത്തിയിട്ടുണ്ട്. പാര്‍ക്കില്‍ പാലിക്കേണ്ട നിയമങ്ങള്‍ പലയിടത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ എഴുതിവെക്കുകയും തിരിച്ചറിയല്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതുകൊണ്ടും പ്രയോജനമില്ലാത്ത സാഹചര്യത്തിലാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പ്രൊഫസറായ എം.കണ്ണന്‍ വ്യക്തമാക്കുന്നത്. ഈ പുതിയ നിബന്ധന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പാര്‍ക്കിലെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും പ്രൊഫസര്‍ പറഞ്ഞു. സര്‍വകലാശാല ക്യാമ്പസില്‍ എത്തുന്നവര്‍ക്ക് ഉള്ളില്‍ കടക്കണമെങ്കില്‍ കവാടത്തില്‍ തങ്ങളുടെ പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കണമെന്ന വിചിത്രമായ ആചാരവും ഇവിടെയുണ്ട്.