ലൂസേഴ്സ് ഫൈനലിൽ അട്ടിമറി വീരൻമാരായ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഇത്തവണ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഏഴാം മിനിട്ടിൽ ഗ്വാർഡിയോളും 42-ാം മിനിട്ടിൽ മിസ്ളാവ് ഒറിസിച്ചുമാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഒൻപതാം മിനിട്ടിൽ അഷ്റഫ് ദാരി മൊറോക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തു. ഇതോടെ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ ചരിത്രം കുറിച്ചു. അട്ടിമറികളിലൂടെ മുന്നേറിയ മൊറോക്കോയെ സെമിയിൽ ഫ്രാൻസാണ് തളച്ചത്.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ക്രൊയേഷ്യ ഒരു ഫ്രീ കിക്കിൽ നിന്ന് സ്കോർ ചെയ്തപ്പോൾ ഒൻപതാം മിനിട്ടിൽ അതേപൊലൊരു ഫ്രീകിക്കിൽ നിന്ന് മൊറോക്കോ തിരിച്ചടിച്ചു. തുടർന്ന് ഇരു ഗോൾമുഖത്തും നിരന്തരം പന്തെത്തി. 42-ാം മിനിട്ടിൽ മിസ്ളാവ് ഒാർസിച്ചാണ് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്.
ഇരുടീമുകളുടെയും വീറുറ്റ പോരാട്ടമാണ് ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്.ആദ്യഘട്ടത്തിൽ ക്രൊയേഷ്യ നടത്തിയ പ്രസിംഗ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. ഏഴാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ച് എടുത്ത ഒരു ഫ്രീകിക്ക് പെരിസിച്ച് ഗ്വാർഡിയോളിന്റെ തലയ്ക്ക് പാകത്തിൽ ഹെഡ് ചെയ്ത് ബോക്സിലേക്ക് ഇട്ടു കൊടുക്കുകയായിരുന്നു. മൊറോക്കൻ ഗോളി ബോനോയെ അപ്രസക്തനാക്കി ഗ്വാർഡിയോൾ പന്ത് വലയിലാക്കി.
ഇതിന്റെ ആഘോഷങ്ങൾ അടങ്ങുംമുമ്പ് ക്രൊയേഷ്യൻ വലയിൽ പന്തെത്തിച്ച് മൊറോക്കോ പകരം വീട്ടി. ഈ ഗോളിന്റെ പിറവിയും ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു. ഗ്വാർഡിയോളിന്റെ ഫൗളിൽ നിന്ന് ലഭിച്ച കിക്കെടുത്തത് ഹക്കിം സിയേഷായിരുന്നു. സിയേഷിന്റെ അത്രശക്തമല്ലാത്ത ഷോട്ട് ബോക്സിനുള്ളിൽ ക്ളിയർ ചെയ്യുന്നതിന് മായേർക്ക് കഴിഞ്ഞില്ല. ഈ അവസരം മുതലാക്കി തൊട്ടടുത്തുണ്ടായിരുന്ന അഷ്റഫ് ദാരി പന്ത് തലകൊണ്ട് കുത്തി വലയിലേക്ക് ഇടുകയായിരുന്നു.
സ്കോർ തുല്യമായതോടെ ഇരുവശത്തും വീറുറ്റ പോരാട്ടം നടന്നു. 24-ാം മിനിട്ടിൽ മൊഡ്രിച്ചിന്റെ മാസ്മരികമായ ഒരു നീക്കം മൊറോക്കോ നിരയിൽ പ്രകമ്പനം സൃഷ്ടിച്ചു.എന്നാൽ ഗോളി ബോനോയുടെ ഇരട്ടസേവുകൾ മൊറോക്കോയ്ക്ക് രക്ഷയായി. 26-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി മറ്റൊരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പെരിസിച്ച് പുറത്തേക്കാണ് അടിച്ചുകളഞ്ഞത്.37-ാം മിനിട്ടിൽ മൊറോക്കോയുടെ ഭാഗത്തുനിന്ന് നല്ലൊരു നീക്കമുണ്ടായി.എന്നാൽ സിയേഷിന്റെ ക്രോസ് കൃത്യമായി കണക്ട് ചെയ്യാൻ പറ്റിയ പൊസിഷനിലായിരുന്നില്ല ബൗഫൽ.
എന്നാൽ 42-ാം മിനിട്ടിൽ ക്രൊയേഷ്യ മുന്നിലെത്തി. മായേറുടെ ഒരു നീക്കത്തിൽ നിന്ന് ലിവാജ നൽകിയ പാസാണ് മിസ്ളാവ് ഒാർസിച്ച് ബോനോയെ നിസഹായനാക്കി വലയിലേക്ക് അടിച്ചുകയറ്റിയത്. ഇതോടെ ക്രൊയേഷ്യയുടെ ലീഡിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.രണ്ടാം പകുതിയിൽ ഇരുടീമുകളും ശക്തമായി പൊരുതിയെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.
Leave a Reply