സുഗതൻ കരുണാകരൻ , ഈസ്റ്റ്‌ ഹാം ,ലണ്ടൻ

ഇന്ന് ഗാന്ധി വധത്തിന്റെ ഓർമ്മ ദിവസം ഫാസിസ്റ്റു കാപാലികർ ഈ ഒരൊറ്റ കാര്യം കൊണ്ടുമാത്രമാണ് അനേകം ദശകങ്ങളോളം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ കൂടി ഇല്ലാതിരുന്നത്… ഇപ്പോൾ അവർ ഇന്ത്യ ഭരിക്കുകയാണ് സകല കുതന്ത്രങ്ങളിൽ കൂടിയും സ്വന്തമായി കുത്തക മുതലാളിമാരെ, അദാനിയേപോലെ, സൃഷ്ടിക്കുകയും അവരെ ഉപയോഗിച്ച് സംസ്ഥാന ഭരണകൂടങ്ങളെ വിലയ്ക്കെടുക്കുകയുമാണ് ഇപ്പോൾ (ഏറ്റവും അവസാനത്തേത് പുച്ചേരിയിൽ എംഎൽഎ മാരെ വിലക്കെടുത്തത് ) കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ കുടുംബ വാഴ്ച്ചയിലൂടെ, സ്വാഭാവിക ജനാധിപത്യത്തിന്റെ വളർച്ചയെ കഴുത്തു ഞെരിച്ചു കൊന്നപ്പോൾ, അഴിമതികൾ സാധാരണ ഭരണ രീതി ആയപ്പോൾ ബോഫേഴ്‌സ് അഴിമതി 100 കോടികൾ ആയിരുന്നെങ്കിൽ കൽക്കരിപാടത്തിന്റെയും സെല്ലുലാർ ഫോൺ സർക്കിൽ (സ്‌പെക്ട്രം -സുഖരാം ) ലേലത്തിലൂടെയും ലക്ഷങ്ങളുടെ കോടിയിലെത്തിയ അഴിമതിയായി മാറിയപ്പോൾ വർഗീയ വിദ്വേഷത്തിനും കലാപത്തിനും കുപ്രസിദ്ധി ആർജ്ജിച്ച ഗുജറാത്തിൽ അവിടെ നടന്ന ഭരണ നേട്ടങ്ങൾ എന്ന് പ്രചരിപ്പിച്ച വ്യാജ ഫോട്ടോ ഷോപ്പിലൂടെ ഗുജറാത്ത് മോഡൽ എന്ന് തെറ്റിദ്ധരിപ്പിച്ചു …

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ നിന്നും ഉയർന്നു വന്ന ഒരു വിനാശമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് അവരുടെ(സംഘ പരിവാർ രാഷ്ട്രീയം )നേതൃത്വത്തിൽ രാഷ്ട്രപിതാവിനെ വീണ്ടും കൊല നടത്തുന്നതും കൊലപാതികിക്കു വേണ്ടി അമ്പലം പണിയുന്നതും. ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള പാഴ് ശ്രമം നടത്തുന്നതും. മതത്തിന്റെ പേരിൽ വെറുപ്പ്‌ പ്രചരിപ്പിക്കുന്ന ഇവരുടെ ലക്ഷ്യം ബഹു സ്വരതയുടെ, വിവിധ സംസ്കാരങ്ങളുടെ കെട്ടുറപ്പായ ഇന്ത്യൻ ഭരണ ഘടന തിരുത്തുകയാണ്. അതിലൂടെ ലക്ഷ്യം വെക്കുന്നത് ഹിന്ദു ആധിപത്യ ഭരണത്തിനും പിന്നീട് ഇപ്പോൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഹിന്ദു ജാതി വ്യവസ്ഥ വളരെ ശക്തമായി പുനസ്ഥാപിക്കുകയുമാണ്. എന്നാൽ ഇവർ ലോകത്തെ വിഡ്ഢികളായ രാഷ്ട്രീയ പ്രത്യായ ശാസ്ത്ര നേതാക്കൻമാരാണെന്നത് കാലം തെളിയിക്കും.

ഒന്നാം ലോക മഹായുദ്ധം മുത്തലാളിത്ത താല്പര്യത്തിന്റെ അനന്തരമായിരുന്നെങ്കിൽ രണ്ടാം ലോക മഹായുദ്ധം മേൽപ്പറഞ്ഞ വെറുപ്പിന്റെ, വംശീയ മേൽക്കോയ്മയുടെയും ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെയും അനന്തരമാണ്…. ഈ രണ്ടു ലോക മഹായുദ്ധങ്ങളും മനുഷ്യരാശിയെ വളരെ അധികം പിന്നോട്ട് അടിപ്പിച്ചു . ദശലക്ഷകണക്കിന് മനുഷ്യരും അവരുടെ നൂറ്റാണ്ടുകളായ അധ്വാനത്തിലൂടെ നേടിയ വിഭവശേഷിയുമാണ് ഈ യുദ്ധങ്ങൾ നശിപ്പിച്ചത് … അതിന്റെ ബാധ്യതകൾ ഇപ്പോഴും ലോകം നേരിട്ട് കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ചരിത്രഞ്ജനമില്ലാത്ത, അല്ലെങ്കിൽ തെറ്റായ ചരിത്ര ജ്ഞാനികൾ നമ്മുടെ ഇന്ത്യയെ ഒന്നുകൂടി ജർമ്മനി ലോകത്തെ പിന്നോട്ട് നയിച്ചതുപോലെ പിന്നോട്ട് നയിക്കാൻ കൂട്ട് നിൽക്കുന്നത്. കുന്നിന്റെ മുകളിൽ നിന്നും താഴോട്ടാണ് വെള്ളം ഒഴുകുന്നത് അല്ലാതെ തിരിച്ചല്ല അതുപോലെ സ്വാഭാവിക മനുഷ്യ ജീവിത വികാസം മുന്നോട്ടാണ് പോകേണ്ടത്. തിരിച്ചല്ല.

വേട്ടയാടി നടന്ന മനുഷ്യൻ കൃഷി ചെയ്തു ഒരു സ്ഥലത്തു ദീർഘ നാളുകളിൽ താമസിക്കാൻ തുടങ്ങിയത് മുതലാണ് ഭരണകൂടങ്ങൾ നിലവിൽ വന്നത്. പിന്നീട് ഭരണ കൂടങ്ങൾ അതിന്റെ സ്വഭാവവും രീതികളും സമൂഹത്തിന്റെയും അവിടെ നിലനിന്ന ശക്തികളുടെയും അടിസ്ഥാനത്തിൽ മാറ്റി കൊണ്ടിരുന്നു. അങ്ങനെയാണ് ചരിത്രത്തിൽ രാജ വാഴ്ചയും ഫ്യൂഡൽ വാഴ്ചയും വഴിമാറി ജനാധിപത്യം നിലവിൽ വന്നത്… അതോടൊപ്പം സാമ്പത്തിക ഉത്പാദന-വിതരണത്തിലും മാറ്റം സംഭവിച്ചത്. യഥാർത്ഥത്തിൽ സാമ്പത്തിക ഉത്പാദന വിതരണ ക്രമത്തിലെ മാറ്റമാണ് ഭരണകൂടത്തിൻെറയും അതിന്റെ സ്വഭാവത്തെയും നിർണ്ണയിച്ചിരുന്നത്. അങ്ങനെ കുടുംബവും വംശവും ജാതിയും മതവും ഭരണ കൂടങ്ങളെ സ്വാധീനിച്ചു അല്ലെങ്കിൽ നിയന്ത്രിച്ചിരുന്നത് ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്.

ഈ ചരിത്രപരമായ സ്വാഭാവിക വികാസപരിണാമ ഘട്ടത്തിൽ ജാതിയോ മതമോ വംശമോ സമ്പത്തോ അല്ല മനുഷ്യരുടെ രാഷ്‌ടീയ അവകാശങ്ങൾ നിർണ്ണയിക്കുന്നത്. മനുഷ്യർക്ക്‌ എല്ലാവർക്കും തുല്യതയാണ്, അവർക്കു തുല്ല്യ അവകാശമാണ് അവിടെ മതത്തിനും – വംശത്തിനും -സമ്പത്തിനും പ്രത്യേകിച്ച് ഒരു അവകാശവുമില്ല എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ, ആധുനിക ജനാധിപത്യം ഉടലെടുക്കുന്നത്. അതിന്റെ അടുത്ത ഘട്ടമായ സോഷ്യലിസ്റ്റ് ഭരണരീതിയും. ലോകം മുഴുവനും അത്തരം പാതയിലൂടെ , ജനാധിപത്യത്തിൽ നിന്നും സോഷ്യലിസ്റ്റു ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യയിൽ നേരെ തിരിഞ്ഞ് പോകാൻ സംഘ പരിവാർ രാഷ്ട്രീയം മോദി – അമിത് ഷാ -യോഗിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത് ഇത് താഴ്‌വാരത്തിൽ നിന്നും കുന്നിന്റെ മുകളിലേക്കു വെള്ളം ഒഴുക്കിവിടാൻ ശ്രമിക്കുന്നത് പോലെ പാഴ് ശ്രമമാണ്. സാമൂഹിക രാഷ്ട്രീയ വികാസത്തിന്റെ സ്വാഭാവിക വളർച്ചയുടെ നേരെയുള്ള തടസ്സമാണ്. മതവും ജാതിയും അത് ഒരു ഘട്ടം കഴിയുമ്പോൾ കൊഴിഞ്ഞു പോകും പോകണം അതാണ് യൂറോപ്പിലെയും അമേരിക്കയിലും നാം കാണുന്നത്.

അവരുടെ ശ്രമം ( ജാതിയും മതവും ഭരണകൂടത്തിൽ ഇടപെടുന്നത് ഒരു പ്രശ്നമേ ഇല്ല ) സമൂഹത്തിൽ വളർന്നു വരുന്ന സമ്പത്തിക അസമത്വമാണ്. കുത്തക മുതലാളിത്ത ചൂഷണത്തിലൂടെ സമ്പത്ത് ഏതാനും ചില വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്ന സമ്പ്രദായത്തിനെതിരെ ജനങ്ങൾ എപ്പോൾ തെരുവിൽ ഇറങ്ങി കൊള്ളയടിക്കും എന്നതാണ്…. അത്രയ്ക്കുണ്ട് അവിടുത്തെ ഭരണകൂടത്തിന്റെ സാമൂഹിക അസമത്വത്തെ കുറിച്ചുള്ള ഭീതി ആയതിനാൽ ജിഡിപി യുടെ 70% നും 80%നും ഇടയിൽ കടം വാങ്ങി സർക്കാർ ക്ഷേമ പദ്ധതികളിലും പൊതുമേഖലയിലും (പബ്ലിക് സെക്ടർ ഇൻവെസ്റ്റ്മെന്റ്) ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. അദാനിയുടെ അംബാനിയുടെയും സമ്പത്ത് റോക്കറ്റു കണക്കാണ് പോകുന്നത്. അങ്ങിനെ സാമ്പത്തിക അസമത്വം വർധിക്കുന്നു. ഉള്ളവന്റെ സമ്പത്ത് അതിവേഗം വർധിക്കുന്നു. മറുവശത്ത് ഇല്ലാത്തവന്റെ ജീവിത പ്രാരാബ്ദങ്ങൾ അതിവേഗം കൂടുന്നു.

അതായതു മത -ജാതി സ്പർദ്ധയും ചരിത്രത്തിലെ മത ഭരണ കൂടത്തിന്റെ തെറ്റുകൾ തിരുത്തുന്നതാണ് മുഖ്യം എന്ന് ഭൂരിപക്ഷ മതത്തെയും അതിലെ ജാതികളെയും ഉദ്ബോധിപ്പിക്കുകയും സമൂഹത്തിൽ മതമാണ് ഗുരുതരമായ പ്രശ്നം എന്ന വ്യാജ പ്രചരണം നടത്തുകയും മറുവശത്ത് മുതലാളിത്ത ചൂഷണം പൊതുമേഖലകളെ ആക്രി വിലക്ക് തൂക്കി വിൽക്കുന്നത് ഉൾപ്പടെ തകൃതിയായി നടത്തുകയുമാണ് .. മെയ്ക്ക് ഇൻ ഇന്ത്യ എന്ന് പറഞ്ഞ് പ്ലാസ്റ്റിക് കളിപ്പാട്ടം വരെ ഇറക്കുമതി ചെയ്യുന്നു…. നമ്മൾ ഈ ഇരുണ്ട കാലം അതിജീവിക്കും… ബ്രിട്ടന്റെ കിരാത ഭരണവും ബംഗാളിലെ പട്ടിണി മരണവും ജർമ്മനിയുടെ സംഹാരതാണ്ഡവവും അതിന്റെ കെടുതികളും അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളും പിന്നിട്ടതു പോലെ ഹിന്ദു രാഷ്ട്രവാദവും അതിലധിഷ്ഠിതമായ മത അടിസ്ഥാനത്തിൽ ജനങ്ങളിൽ വെറുപ്പ് വർധിപ്പിക്കുന്ന ഭരണകൂട ഭീകരതയേയും നാം അതിജീവിക്കും തീർച്ച