ഗവേഷകരെ പോലും ഞെട്ടിച്ച് സൂര്യനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. സൂര്യന്റെ ഉപരിതലത്തിലെ ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണു ശാസ്ത്രലോകം പറഞ്ഞിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഭൂമിയെ ബാധിക്കുമോ എന്നും അറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്ര ലോകം.

അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം പകർത്തിയിട്ടുള്ളത്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ആണ് ആകാഷയും ജിജ്ഞാസയും ഉളവാക്കുന്ന ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. സൂര്യന്റെ വടക്ക് ഭാഗത്തായിട്ടാണ് ഈ പ്രതിഭാസമുണ്ടായിരിക്കുന്നത് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ പറയുന്നത്. വേർപെട്ട ഭാഗം സൂര്യന്റെ ഉത്തര ധ്രുവത്തിനു ചുറ്റും കറങ്ങുകയാണെന്നും സ്കോവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

സൂര്യന്റെ ഉപരിതലത്തിൽനിന്ന് വേർപെട്ട ഭാഗം ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ പ്രദക്ഷിണം ചെയ്യാൻ 8 മണിക്കൂർ വരെ സമയമെടുക്കുമെന്ന് നിരീക്ഷകർ അറിയിച്ചതായി സ്കോവ് വ്യക്തമാക്കുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് വിഘടിച്ചിരിക്കുന്നതെന്നാണ് നാസയുടെ കണ്ടെത്തൽ. മുൻപും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാസ അവകാശപ്പെടുന്നുണ്ട്. തുടർച്ചയായി സൗരജ്വാലകൾ പുറപ്പെടുവിക്കുന്ന സൂര്യൻ ചില സമയങ്ങളിൽ ഭൂമിയിലെ വാർത്താ വിതരണത്തെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുകയാണ്.