കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസും രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസ് എന്നീ നിലകളില്‍ പ്രശസ്തയായ ജ. കെ.കെ. ഉഷ (81) അന്തരിച്ചു. 2000-2001 സമയത്തായിരുന്നു ജ. കെ കെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. ഇതിന് മുന്‍പ് ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.

1939 ജൂലൈ മൂന്നിന് തൃശൂരിലായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരന്‍ ആണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധയേയരായിരുന്നു ഇരുവരും. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).

ജസ്റ്റിസ് കെ കെ ഉഷ യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.