എൻഎച്ച്എസ് നേഴ്സുമാർ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാൻ സർക്കാർ തയാറെടുക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എൻ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ആർസിഎൻ വ്യക്തമാക്കി.

നിലവിൽ ഏപ്രിൽ 30 ഞായറാഴ്ച ആരംഭിച്ച് മെയ് 2 ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ആർ സി എൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായി ആർ സി എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ ഈ ആഴ്ച കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ആരോഗ്യവകുപ്പ് കൂടുതൽ ചർച്ചകൾക്ക് തയ്യാറാകണമെന്ന അഭിപ്രായം ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമാണ്. കൂടുതൽ ദോഷകരമായ നടപടികൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ചർച്ചകൾ വീണ്ടും നടത്തുമെന്ന് മുൻ ടോറി പാർട്ടി ചെയർ ജേക്ക് ബെറി ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ നിലവിലെ ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . എന്നാൽ സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്തതോടെയാണ് നഴ്സുമാർ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നത്.