ന്യൂസ് ഡെസ്ക് മലയാളം യുകെ

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ അധ്യാപകർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി, കോളേജ് അധ്യാപകർ പണിമുടക്ക് നടത്തുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യു സി യു ) അറിയിച്ചു.

വിദ്യാർത്ഥികളുടെ ഭാവിയെ കരുതി എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ യൂണിവേഴ്സിറ്റി കോളേജ് അധികൃതർക്കും യു സി യുവിനും കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞവർഷം നടന്ന പണിമുടക്ക് ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിരുന്നു. അധ്യാപക സമരം മൂലം സമയബന്ധിതമായി ക്ലാസുകൾ നടക്കാതിരുന്നതു മൂലം പല വിദേശ വിദ്യാർഥികൾക്കും വിസയുടെ കാലയളവിൽ പഠനം പൂർത്തീകരിക്കാനാവാത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 145 സർവകലാശാലകളിൽ നടന്ന പണിമുടക്ക് കുട്ടികളെയും മാതാപിതാക്കളെയും ദുരിതത്തിലാക്കിയിരുന്നു.

തങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും അത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അധ്യാപക യൂണിയൻ നടത്തുന്ന സമരത്തിന്റെ ആഘാതം കുറയ്ക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർവകലാശാലകൾ അറിയിച്ചു. യൂണിയനുമായി ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഫലപ്രദമായ ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് സമര ദിനങ്ങളാണ്. യുകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻപന്തിയിലാണെന്ന് അവകാശപ്പെടുമ്പോഴും കുറഞ്ഞ ശമ്പളത്തിലാണ് അധ്യാപകർ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ജോലി ചെയ്യുന്നത് എന്നത് ഉൾക്കൊള്ളാനാവില്ലെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.