ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ പകുതിയിലധികം പേരും ബ്രോഡ്‌ബാൻഡ് ഡീലുകളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരാണെന്ന് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ഓഫ്‌കോമിന്റെ റിപ്പോർട്ട്. ഒരു പ്രത്യേക ജനവിഭാഗത്തിനിടയിൽ വിവരങ്ങൾ ഒന്നും തന്നെ കൃത്യമായി എത്തുന്നില്ല എന്നുള്ളത് ആശങ്കാജനകമാണ്. അതേസമയം, സോഷ്യൽ താരിഫുകൾ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളും മാസത്തിൽ £10 നും £20 നും ഇടയിൽ ചിലവ് വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് ഡീലുകളാണ്. ഇതിലേക്ക് മാറുന്നതിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിവർഷം 200 പൗണ്ട് ലാഭിക്കാമെന്ന് ഓഫ്കോം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ ഡീലുകൾ ഏറ്റെടുക്കുന്നത് നാലിരട്ടിയായെങ്കിലും, ഭൂരിഭാഗം ആളുകൾക്കും ഇപ്പോൾ പണം നഷ്ടപെടുന്ന അവസ്ഥയാണ്. കുടുംബങ്ങൾക്ക് ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും വിദഗ്ദർ പറയുന്നു. യൂണിവേഴ്‌സൽ ക്രെഡിറ്റ്, പെൻഷൻ ക്രെഡിറ്റ്, ജോബ്‌സീക്കേഴ്‌സ് അലവൻസ്, ഇൻകം സപ്പോർട്ട് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന യുകെയിലെ കുടുംബങ്ങൾക്ക് ഇന്റർനെറ്റ്, ടെലികോം ആക്‌സസ് എന്നിവയ്‌ക്കായി കുറഞ്ഞ തുക നൽകാൻ സോഷ്യൽ താരിഫ് ഉദ്ദേശിക്കുന്നു. ബി റ്റി, ഇ ഇ, സ്മാർട്ടി, കമ്മ്യൂണിറ്റി ഫൈബർ, നൗ, സ്കൈ, വിർജിൻ മീഡിയ, കെ സി ഒ എം, ഹൈപ്പർഒപ്റ്റിക്, ജി നെറ്റ്‌വർക്ക്, വോക്സി എന്നിവയാണ് നിലവിലെ ദാതാക്കൾ. ഏകദേശം 4.3 ദശലക്ഷം യുകെ കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് ലഭിക്കുന്നു, എന്നാൽ ഏകദേശം 220,000 ആളുകൾ – അല്ലെങ്കിൽ 5% കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഓഫറിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളത് എന്നതാണ് യാഥാർഥ്യം.

അർഹരായ പകുതിയിലധികം കുടുംബങ്ങളും സോഷ്യൽ താരിഫുകളെ കുറിച്ച് അജ്ഞരാണെന്നും പിന്തുണ ലഭിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഓഫ്‌കോം പറയുന്നു. കഴിഞ്ഞ വർഷവും സമാനമായ ഒരു അപേക്ഷ നൽകിയിരുന്നു. ഈ പാക്കേജുകൾ എങ്ങനെ കണ്ടെത്താമെന്നും അതിൽ സൈൻ അപ്പ് ചെയ്യാമെന്നും ബ്രോഡ്‌ബാൻഡ് ദാതാക്കൾ ഇപ്പോഴും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബോധവാൻമാരാക്കാൻ വേണ്ട നടപടികൾ കൈകൊള്ളുന്നില്ല എന്നാണ് അധികൃതരുടെ വാദം.