സ്വന്തം ലേഖകൻ

ലണ്ടൻ : മാർച്ചിന് ശേഷം ഇതാദ്യമായി ഇംഗ്ലണ്ടിലെ ഇൻഡോർ ജിമ്മുകളും നീന്തൽക്കുളങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നു. കൊറോണകാലത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ശാരീരികവും മാനസികവുമായ തിരിച്ചുവരവാണ് ജിമ്മുകൾ വീണ്ടും തുറക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് ജിം-ഗോയിർ ജമെല മേ പറഞ്ഞു. സൗത്ത് വെസ്റ്റ്‌ ലണ്ടൻ ജിം തുറന്നതിന് ശേഷം ആദ്യം പ്രവേശിച്ച ആളാണ് ജമെല. എങ്കിലും പൊതുസൗകര്യങ്ങളിൽ മൂന്നിലൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വീണ്ടും തുറക്കുന്ന ജിമ്മുകൾ കർശനമായ ശുചിത്വവും സാമൂഹിക വിദൂര നടപടികളും പാലിക്കണം. ജിമ്മിൽ കടക്കുന്ന ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തണം. ഈ മാസം ആദ്യം പുറപ്പെടുവിച്ച സർക്കാർ മാർഗ്ഗനിർദ്ദേശമനുസരിച്ച് ജിമ്മുകളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കേണ്ടതുണ്ട്. നോർത്തേൺ അയർലണ്ടിലെ ഇൻഡോർ ജിമ്മുകൾ ഈ മാസം ആദ്യം തുറന്നെങ്കിലും സ് കോട് ലൻഡിലും വെയിൽസിലും അവ അടഞ്ഞുകിടക്കുകയാണ്.

വൺ-വേ എൻട്രി, എക്സിറ്റ് സിസ്റ്റം ഉൾപ്പടെയുള്ള സുരക്ഷാ നടപടികളാണ് ഇൻഡോർ പൂളുകളിൽ സ്വീകരിച്ചിരിക്കുന്നത്. 20% ൽ താഴെയുള്ള കുളങ്ങൾ ഈ വാരാന്ത്യത്തിൽ വീണ്ടും തുറക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജെയ്ൻ നിക്കേഴ്‌സൺ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നീന്തൽകുളങ്ങൾക്ക് സർക്കാർ ധനസഹായം ഉറപ്പാക്കണമെന്നും അവർ നിർദേശിച്ചു. ഈ സാഹചര്യത്തിൽ ഒരേസമയം 40 നീന്തൽക്കാരെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് ലിൻഡെഹാംപ്ടൺ വേവ് പൂളിന്റെ മാനേജർ പോൾ ഡഗ്ലസ്-സ്മിത്ത് പറഞ്ഞു. കോറോണകാലത്തിന് മുമ്പ് ഇത് 130 ആയിരുന്നു. അതേസമയം, കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനാൽ ജിമ്മുകളും സ്പോർട്സ് സൗകര്യങ്ങളും ല്യൂട്ടണിലും ബ്ലാക്ക്ബേണിലും വീണ്ടും തുറക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് സ്ഥിരീകരിച്ചു.

നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടും പകർച്ചവ്യാധിക്കിടയിൽ ഒരു സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ പല സൗകര്യങ്ങളും അടയ്‌ക്കേണ്ടിവരുമെന്ന് വ്യവസായ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം ഇൻഡോർ ജിമ്മുകളും മറ്റും ഉൾപ്പെടുന്ന മേഖലയ്ക്ക് ഏകദേശം 305 മില്യൺ പൗണ്ട് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി വിനോദ കേന്ദ്രങ്ങളും ഇൻഡോർ ജിമ്മുകളും നീന്തൽക്കുളങ്ങളും മറ്റ് ഇൻഡോർ കായിക സൗകര്യങ്ങളും മാർച്ച് 21നായിരുന്നു അടച്ചത്.