ജോസ്ന സാബു സെബാസ്റ്റ്യൻ
പെണ്ണായി ജനിച്ചു , പെണ്ണുങ്ങളുടെ ഇടയിൽ ആണായി വളരാനും, ഇതാ ഇതാണ് ഞാനെന്നു പറയാനും ധൈര്യം ഉണ്ടായിരുന്ന ഒരുവൻ ……
പെണ്ണായി ജനിച്ചു മീശവെക്കാനും, മാറു കാണിക്കാനും ധൈര്യം ഉണ്ടായിരുന്ന ഒരുവൻ …..
സോഫ്റ്റ് മസിലിനെ കരിങ്കല്ലാക്കി എടുക്കാൻ ത്രാണിയുണ്ടായിരുന്ന ഒരുവൻ ….
ആണിനെ പെണ്ണായി കണ്ടു സ്വന്തം ഇണയായി കൂട്ടാൻ ധൈര്യമുണ്ടായിരുന്ന ഒരുവൻ ….
സ്വയമൂതി കനലാക്കിയെടുത്ത അവന്റെ ജീവിതത്തെ അവൻ തന്നെ അവസാനിപ്പിക്കണമെങ്കിൽ, നമ്മുടെ ചൂടുപറ്റി വളർന്നു വരുന്ന ഓരോ കുഞ്ഞിന്റെയും മാനസിക സംഘർഷങ്ങൾ നമ്മൾ അറിയുന്നില്ല ….മുന്നിൽ മാത്രമെത്താൻ ഓടുന്ന അവർ പിന്നീട് തോറ്റു പിന്മാറുന്നത് നമ്മൾ അറിയുന്നില്ല എന്നത് തന്നെ കാരണം….
അതിനാൽ അവർ വീഴുന്നതിന് മുമ്പേ നമ്മൾ കൈകോർത്തു പിടിക്കേണ്ടതുണ്ട് . അതിന് നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടതുണ്ട് …..
അതിന് സ്കൂളുകളെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല .
നമ്മൾ ചോദിക്കുന്ന ഭക്ഷണമാണ് അവർ നമ്മുടെ കുട്ടികൾക്ക് വിളമ്പുന്നത് .
നമുക്കാകെ വേണ്ടത് അവന് എത്ര രൂപ ഫീസടച്ചിട്ടായാലും 100 ശതമാനം മേടിച്ചെടുക്കുക എന്നത് മാത്രമാണ് . അപ്പോൾ സ്കൂളുകൾ അത്. കൊടുക്കും . കാരണം നമ്മളവർക്ക് പണം നൽകുന്നു. അവർ അവരുടെ ജോലി ചെയ്യുന്നു . അതിനാൽ നമ്മുടെ മനോഭാവം മാറേണ്ടതുണ്ട് , അങ്ങനെയെങ്കിൽ സ്കൂളുകൾ അവരുടെയും മനോഭാവം മാറ്റും .
പഠിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ തെണ്ടിനടന്നാലോ എന്നോർത്തുള്ള അങ്കലാപ്പാണ് നമുക്കിന്ന് . എന്നാൽ ഒന്ന് മനസിലാക്കുക, ഒരു 20 വർഷം മുമ്പുണ്ടായിരുന്ന സമ്പദ്വ്യവസ്ഥ അല്ല ഇന്ന് നമ്മുടേത് . നമ്മുടെ ജീവിത സാഹചര്യങ്ങൾ ആകെ മാറി. അതിനാൽ എങ്ങനെ ഉപജീവനം നേടാം , എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്ത
മാറ്റി എങ്ങനെ ജീവിക്കാം എന്ന് നമ്മൾ നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട് .അതിനായി നമ്മുടെ സ്കൂളുകൾ അവരുടെ സബ്ജെക്റ്റുകൾ മാറ്റേണ്ട കാലം അതിക്രമിച്ചു . എന്ത് ചികഞ്ഞാലും ഇന്റർനെറ്റിൽ ഉത്തരം കിട്ടുമ്പോൾ അവരെന്തിന് അവരുടെ ജീവിതം മുഴുവൻ ഇങ്ങനെ ശർദ്ദിച്ചത് തന്നെ വാരി വാരി തിന്ന് വയറു നിറയ്ക്കണം ?
ഡെല്ലിന്റെയോ ആപ്പിളിന്റെയോ കമ്പ്യൂട്ടറുകൾ അല്ല, മറിച്ചു നമ്മുടെ മനുഷ്യ ശരീരമാണ് ഏറ്റവും സങ്കീർണമായ കോംപ്ലിക്കേറ്റഡായ കമ്പ്യൂട്ടർ എന്ന തിരിച്ചറിവ് അവർക്കുണ്ടാകണം. അതിന്റെ ഉപയോഗം അവർ പഠിക്കണം . അതിന്റെ കീ ബോർഡുകൾ അവർക്കറിയില്ല . അതിനാൽ സ്കൂളുകളിൽ നമ്മുടെ കുട്ടികളെ അവരുടെ സിസ്റ്റത്തിന്റെ മാനുവൽ വായിക്കാൻ പഠിപ്പിക്കട്ടെ ….
അതിലൂടെ ആന്തരികമായി സന്തുലിതമാകാൻ അവരെ പഠിപ്പിക്കട്ടെ …..
അവർ മറ്റൊരാളേക്കാൾ മികച്ചവൻ ആയില്ലെങ്കിലും നിങ്ങൾക്ക് കഴിയാവുന്നത്ര മികച്ചവൻ ആയി എന്ന് സമാധാനിക്കാൻ, ഉള്ളതിൽ ലഹരിയില്ലാതെ സന്തോഷം നേടാൻ, അവ അവരെ സഹായിക്കും ….
അങ്ങനെ തകർച്ചകളിൽ അവൻതന്നെ കുടഞ്ഞെണീക്കാൻ അവൻ പഠിക്കും …
സ്വന്തം സിസ്റ്റത്തിന്റെ യൂസേഴ്സ് മാനുവൽ അറിഞ്ഞ ഒരു കുട്ടി , അവരുടെ ജീവിതത്തിൽ ആരൊക്കെ അവർക്കെതിരെ എന്തൊക്കെ വലിച്ചെറിഞ്ഞാലും വീഴാതെ പിടിച്ചു നിൽക്കാൻ കരുത്തുറ്റവരാകും , അത് ശാരീരികമായ ഒരു കരുത്തല്ല , മറിച്ച് മാനസികമായി കരുത്തുറ്റ, ഒരു കുഞ്ഞു സമൂഹം നമുക്ക് ചുറ്റും വളർന്നു വരട്ടെ …..ഇനി ഒരാത്മഹത്യവാർത്ത നമ്മുടെ ചെവികളിൽ കേൾക്കാതിരിക്കട്ടെ ….
Leave a Reply