ഓണ്‍ലൈന്‍ ജോബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരും ഇന്റര്‍വ്യൂന് ഹോട്ടലില്‍ പോകുന്ന യുവതികളും ശ്രദ്ധിയ്ക്കുക. ഇല്ലെങ്കില്‍ മാനം പോകും.കാരണം അത്തരത്തിലുള്ള വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കില്‍ ജോലി തരാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലിലേയ്ക്ക് ഇന്റര്‍വ്യൂ എന്ന പേരില്‍ വിളിച്ചുവരുത്തി  പീഡിപ്പിക്കാന്‍  ശ്രമം. പീഡനശ്രമത്തിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 31 കാരിയുടെ പരാതിയില്‍ രാജ രാജേശ്വരി നഗര്‍ സ്വദേശി ദിനേശ് രാജ് ഗൗഡയാണ് (32) അറസ്റ്റിലായത്. ഇന്റര്‍വ്യൂ ചെയ്യാനെന്നും പറഞ്ഞ് രാമനാഗര റെസ്റ്റോറന്റില്‍ വിളിപ്പിച്ച ശേഷമായിരുന്നു പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ വേറെയും പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു.

മാതി കേര്‍ സ്വദേശിനിയായ യുവതി ജോലിക്ക് വേണ്ടി ഓണ്‍ലൈന്‍ ജോബ് സൈറ്റില്‍ ബയോഡാറ്റ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ടാലന്റ് സോഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ നിന്നും ജയന്തി സുരേഷ് എന്ന പേരില്‍ യുവതിയെ വിളിച്ചു. ബയോഡാറ്റ തെരഞ്ഞെടുത്തിട്ടുണ്ടെന്നും  ബംഗളൂരു ഓഫിസില്‍ എച്ച് ആര്‍ മാനേജരുടെ ജോലിക്കായി ഇന്റര്‍വ്യൂവിന് ഉടന്‍ വിളിക്കുമെന്നും പറഞ്ഞൂ. ഇന്റര്‍വ്യൂവിന് വരുമ്പോള്‍ മുടി മുറിച്ച് ഹാഫ് സ്‌കേര്‍ട്ടില്‍ ഹീലുള്ള ചെരിപ്പ് ധരിച്ച് വരണമെന്നും ആവശ്യപ്പെട്ടു.

ഇത് പ്രകാരം ഫെബ്രുവരി 10 ന് വീണ്ടും വിളിക്കുകയും വ്യാജ കോള്‍ ലെറ്റര്‍ അയക്കുകയും ചെയ്തു. ഏത് നിമിഷവും ഇന്റര്‍വ്യൂവിന് വിളിക്കുമെന്നും റെഡിയായി നില്‍ക്കാനും ആവശ്യപ്പെട്ടു.പിന്നീട് വിളിച്ച് രാമനാഗരയില്‍ എത്താന്‍ ആവശ്യപ്പെട്ടു. അത് പ്രകാരം സ്ഥലത്തെത്തിയ യുവതിയെ ദിനേശ് രാജ് ഹോട്ടലിലേക്ക് കൂട്ടി കൊണ്ട് പോകുകയും ഫേസ്ബുക്ക് വിദേശ അതിഥികള്‍ വന്നാല്‍ എങ്ങനെ മാനേജ് ചെയ്യുമെന്ന് അറിയണമെന്നും അതിനായി റൂം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. യുവതി റൂമില്‍ പ്രവേശിച്ചതോടെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. മുഖത്തടിച്ച യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയും പരിസരത്തെത്തിയവരും ചേര്‍ന്ന് ഇയാളെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.

വോയ്സ് മോഡുലേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഇയാള്‍ ജയന്തിയായി സ്ത്രീ ശബ്ദത്തില്‍ സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു. വേറെയും രണ്ട് സ്ത്രീകള്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.