ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യ (27) പോലീസ് പിടിയില്‍. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 12.30 ഓടെ പോലീസ് വിദ്യയെ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തി വൈദ്യപരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ കരുവാക്കിയതെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞു. വിശദ മൊഴിയെടുപ്പിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
പാലക്കാട് അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെപേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയരേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കി.
അട്ടപ്പാടി ഗവ. കോളേജില്‍ 16-നു പരിശോധന നടത്തിയ സംഘമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേകദൂതന്‍വഴി റിപ്പോര്‍ട്ട് കൈമാറിയത്. ഇതോടെയാണ് അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയത്.
അതിരഹസ്യമായാണ് പോലീസ് വിദ്യയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. പിടികൂടി കോഴിക്കോടുജില്ലവിട്ടശേഷം മാത്രമാണ് വിവരം കോഴിക്കോട്ടെ ഉന്നതപോലീസ് ഉദ്യോഗസ്ഥരെപ്പോലും അറിയിക്കുന്നത്.
വിദ്യ കോഴിക്കോട് ജില്ലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് വിവിധ കേന്ദ്രങ്ങളില്‍ രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു.
രണ്ടാഴ്ചയായി അഗളി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. പാലക്കാട് എസ്.പി. ആര്‍. ആനന്ദ് നടപടികള്‍ ഏകോപിപ്പിച്ചു. അഗളി സി.ഐ. എ. സലീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നത്.
അഗളി പുതൂര്‍ എസ്.ഐ. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുശിവ, പ്രിന്‍സ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Leave a Reply