ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച പുതിയ ചിത്രമായ ചാര്‍ലിയുടെ വ്യാജ പതിപ്പ് വ്യാപകം. ബംഗളൂരുവിലാണ് ചാര്‍ലിയുടെ വ്യാജ സിഡി ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ സിഡി ഇറങ്ങി എന്ന വാര്‍ത്ത ശരിയാണെന്നും സംഭവം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ചിത്രത്തിലെ നടനും നിര്‍മാതാക്കളില്‍ ഒരാളുമായ ജോജു ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ വന്‍ കളക്ഷന്‍ നേടി ചാര്‍ലി വമ്പന്‍വിജയത്തിലേക്കു നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.
എന്നാല്‍, വ്യാജ സിഡിയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമല്ല. വ്യാജ പതിപ്പിനെതിരേ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും കേരളത്തിലെ സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് സൈബര്‍ സെല്‍ ഡിവൈഎസ്പി എം.ഇക്ബാല്‍ പറഞ്ഞു.

97 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പത്തു ദിവസം കൊണ്ട് 9.60 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വന്‍ഹിറ്റിലേക്ക് പോകുന്നതിനിടെ പ്രേമത്തിന്റെ വ്യാജ പതിപ്പും ഇറങ്ങിയിരുന്നു. സെന്‍സര്‍ കോപ്പി എന്ന് രേഖപ്പെടുത്തിയ സിഡിയാണ് അന്ന് പ്രചരിച്ചിരുന്നത്. വ്യാജ സിഡി ഇറങ്ങിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കളക്ഷന്‍ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിന് സെന്‍സര്‍ ബോര്‍ഡിലെ ചില ജീവനക്കാര്‍ പിന്നീട് അറസ്റ്റിലായിരുന്നു.