ന്യൂസ് ഡെസ്ക് മലയാളം യുകെ

വില്യം രാജകുമാരന്റെ ആഡംബര കോട്ടേജുകളിൽ ട്രാവ്‌ലോഡ്ജുകളുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു രാത്രി ആസ്വദിക്കാം. തന്റെ £1 ബില്യൺ ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിലെ ഹോളിഡേ ഹോമുകളാണ് വില്യം രാജകുമാരൻ വാടകയ്ക്ക് നൽകുന്നത്. എന്നാൽ വേനലവധിക്കാലത്ത് താമസ സൗകര്യങ്ങൾക്കായി കുടുംബങ്ങൾ പാടുപെടുന്നത് പരിഗണിച്ച് ഇവയുടെ വില നന്നേ കുറച്ചിട്ടുണ്ട്. ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിലെ സ്‌ലോട്ടുകൾ നിറയ്ക്കുന്നതിൻെറ ഭാഗമായി നിരവധി ഡീലുകൾ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ കോർണിഷ് കോട്ടേജുകളിലൊന്നിൽ ഒരാഴ്ചയ്ക്ക് നാല് പേർക്ക് 980 പൗണ്ട് മാത്രമാണ് ചെലവ് വരുക. അതായത് ഒരു രാത്രിയിൽ ഒരാൾക്ക് വെറും £35 മാത്രമാണ് ഈടാക്കുക.

വില്യം രാജകുമാരന്റെ അവകാശത്തിൽ ചരിത്രപരമായ മാനറുകളും കോൺവാളിലെയും ഐൽസ് ഓഫ് സില്ലിയിലെയും ഒറ്റപ്പെട്ട രാജ്യ കോട്ടേജുകളും ഉൾപ്പെടുന്നു. മൂന്ന് കുട്ടികളുടെ പിതാവായ നാല്പത്തൊന്നുകാരനായ വില്യം തൻെറ പിതാവ് രാജാവായതിന് പിന്നാലെ കോൺവാളിലെ ഡ്യൂക്ക് ആയി സ്‌ഥാനമേറ്റു. രാജാവിന്റെ മൂത്ത മകനാണ് സാധാരണയായി ഈ പദവി വഹിക്കുന്നത്. കൂടാതെ കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ്‌ പദവിയും വഹിക്കുന്നുണ്ട്.

യുകെയിലെ ഭൂമിയുടെ 0.2% കൈവശപ്പെടുത്തിയിരിക്കുന്നത് 685 വർഷം പഴക്കമുള്ള ഡച്ചി എസ്റ്റേറ്റ് ആണ്. ഇതിൽ നിന്നാണ് വില്യമിനും ഭാര്യ കേറ്റിനും ഔദ്യോഗിക ചുമതലകൾക്ക് ധനസഹായം നൽകുന്നത്. 500 വർഷം പഴക്കമുള്ള വസ്തുവിൽ ഒരു ഇൻഡോർ ഹീറ്റഡ് പൂളും സ്പായും സ്വന്തമായി ടെന്നീസ് കോർട്ടും പ്രാദേശിക നദിക്കുള്ള മത്സ്യബന്ധന ലൈസൻസും ഉണ്ട്. ജീവിത ചെലവ് പ്രതിസന്ധിയെത്തുടർന്ന് ഈ വേനൽക്കാലത്ത് കുടുംബങ്ങൾ സ്വന്തം വീടുകളിൽ അവധി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ്. ചെലവും ഭക്ഷണ വിലയും കുതിച്ചുയരുന്നതിനാൽ രാജ്യത്തെ പകുതിയിൽ അധികം ആളുകളും വിദേശ യാത്രകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മണിട്രാൻസ്ഫെർസ്.കോം നടത്തിയ  സർവേ കണ്ടെത്തിയിരുന്നു.