ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. ആളുകൾ സാമൂഹികമായി ഇടപെടുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്നും കോവിഡ് ടെസ്റ്റുകൾ നടത്തണമെന്നും ജാവിദ് കൂട്ടിച്ചേർത്തു. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനുവരി അവസാനത്തോടെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ലക്ഷ്യത്തിലേക്കെത്താനായി ബൂസ്റ്റർ വാക്സിനേഷൻ മഹാദൗത്യത്തിന് തുടക്കം കുറിച്ചു. ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എല്ലാവരും പാലിക്കണമെന്നും ജാവിദ് പറഞ്ഞു.

ക്രിസ്മസിന് മുന്നോടിയായി വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ചില എൻഎച്ച്എസ് ട്രസ്റ്റുകൾ ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ പത്തു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. ഇവർ പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിലും ഐസൊലേഷനിൽ കഴിയണം. യുകെയിലേക്ക് വരുന്ന എല്ലാ ആളുകളും ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണം.

പ്രധാനമന്ത്രിയുടേയും ആരോഗ്യ സെക്രട്ടറിയുടെയും വാക്കുകൾ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ജനുവരി 31നകം ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. യുകെയിൽ മൂവായിരം വാക്സിനേഷൻ സൈറ്റുകൾ ഉണ്ടാവും. പൊതുജനങ്ങൾക്കും എൻഎച്ച്എസ് ജീവനക്കാർക്കും കുത്തിവയ്പ്പ് നൽകാൻ ഹോസ്പിറ്റൽ ഹബ്ബുകളോട് ആവശ്യപ്പെടും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സഹായത്തിനായി കൂടുതൽ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്നു ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതേസമയം യുകെയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 22 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ 13 ഉം സ്കോട്ട്ലൻഡിൽ ഒമ്പത് കേസുകളും ഇതുവരെ റിപ്പോർട്ട്‌ ചെയ്തു.