മാത്യൂ ചെമ്പുകണ്ടത്തിൽ
എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍ കരിയിലില്‍നിന്നു രാജിക്കത്ത് എഴുതി വാങ്ങിക്കുകയും അതിരൂപതയില്‍ പുതിയ ഭരണസംവിധാനം ക്രമീകരിക്കുകയും ചെയ്തതോടെ, പതിറ്റാണ്ടുകളായി കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന അതിരൂപതയിലെ ആഭ്യന്തരവിഷയങ്ങള്‍ക്ക് ഒരു പരിധിവരെ ശമനംവരുമെന്ന് പലരും കരുതി. എന്നാല്‍ കാറുംകോളും അകന്നു തിരകളടങ്ങി എറണാകുളം ഇതുവരെ ശാന്തമായിട്ടില്ല.
മാർ ആൻറണി കരിയിലിൻ്റെ രാജിയിലേക്കു നയിച്ച ഘടകങ്ങൾ
സാര്‍വ്വത്രിക സഭയിലെ വ്യക്തിസഭകളില്‍ ഏറ്റവും പൗരാണികവും പ്രവര്‍ത്തനമികവും ആള്‍ബലവുംകൊണ്ട് മുഖ്യസ്ഥാനത്ത് നില്ക്കുന്നതുമായ സഭയാണ് സീറോമലബാര്‍ സഭ. ഈ സഭയെ പിടിച്ചുലച്ച സംഭവമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഇതിന്റെകൂടെ സീറോ മലബാർ സഭയുടെ തനിമ നിലനിർത്തുവാനായി പൗരാണികമായി അർപ്പിച്ചിരുന്ന ആരാധനരീതികളുടെ പുന:സ്ഥാപനത്തിൻ്റെ പേരിൽ രൂപപ്പെട്ട വാദപ്രതിവാദങ്ങളും എറണാകുളത്ത് ശക്തമായി. ഇതോടെ അതിരൂപതയില്‍ എല്ലാ ഇടവകയിലും പ്രതിസന്ധി അതിരൂക്ഷമായി. അശാന്തിനിറഞ്ഞ ഈ അന്തരീക്ഷത്തെ ശാന്തമാക്കുക എന്ന പ്രത്യേക ദൗത്യവുമായിട്ടാണ് മാണ്ഡ്യാ ബിഷപ്പായിരുന്ന മാര്‍ ആന്റണി കരിയില്‍ നിയുക്തനായത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ അന്നുവരെ നിലവിലില്ലാതിരുന്ന “മെത്രാപ്പോലീത്തന്‍ വികാരി” എന്ന പദവിയും “മെത്രാപ്പോലീത്ത” എന്ന സ്ഥാനവും നല്‍കിയാണ് മാര്‍ കരിയിലിനെ ഇവിടേക്ക് സമാധാനദൂതനായി സിനഡ് നിയമിക്കുന്നത്. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, എറണാകുളത്തു തേർവാഴ്ച നടത്തുന്ന വിമതസംഘത്തിൻ്റെ ഇഷ്ടതോഴനായി മാറുവാൻ മാർ കരിയിലിന് അധികനാൾ വേണ്ടിവന്നില്ല. വിമതര്‍ക്കൊപ്പം തോളോടുതോൾ ചേർന്നുകൊണ്ട് സഭാവിരുദ്ധനീക്കങ്ങള്‍ക്കു ചുക്കാന്‍പിടിച്ച കരിയില്‍ മെത്രാന് വിമത വൈദീകരേയും അൽമായ നേതാക്കന്മാരേയും കടത്തിവെട്ടി വിമത പ്രവർത്തനങ്ങളെ ബഹുദൂരം മുന്നിലെത്തിച്ചു.
സീറോമലബാര്‍ സഭയുടെ “സിനഡ് സെക്രട്ടറി” എന്ന നിലയില്‍ മാർ കരിയിലും അംഗമായിരുന്നുകൊണ്ട് ചര്‍ച്ച ചെയ്തു തീരുമാനിച്ചതും മാര്‍പാപ്പാ അംഗീകാരം നല്‍കിയതുമാണ് സീറോ മലബാർ സഭയുടെ പുതിയ കുർബാന രീതി. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതപക്ഷത്തിനും സ്വീകാര്യമായ വിധത്തില്‍ പകുതിസമയം ജനാഭിമുഖവും പകുതി സമയം അള്‍ത്താര അഭിമുഖവുമായി ക്രമീകരിച്ച ആരാധനാരീതി സീറോമലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നിലവില്‍വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ അതു നടപ്പാക്കേണ്ടതില്ല എന്ന നിലപാടാണ് വിമതര്‍ക്കുവേണ്ടി മാര്‍ കരിയില്‍ കൈക്കൊണ്ടത്. സഭയുടെ ഔദ്യോഗിക തീരുമാനത്തിനെതിരേ മാര്‍ കരിയില്‍ കൈക്കൊണ്ട ഈ തീരുമാനം ഗുരുതരമായ അച്ചടക്കലംഘനമായിരുന്നു. ഇത് സ്ഥിതിഗതികളെ ഏറെവഷളാക്കി.
2022 ജനുവരിയില്‍ ചേര്‍ന്ന സീറോമലബാര്‍ സിനഡയില്‍ ഏകീകൃത കുര്‍ബാന അതിരൂപതയില്‍ നടപ്പാക്കണം എന്നു നിഷ്കര്‍ഷിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ്പിനൊപ്പം മാര്‍ കരിയിലും സര്‍ക്കുലറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ വിമതര്‍ ഇത് അംഗീകരിച്ചില്ല. മാര്‍ കരിയിലിനെ സിനഡ് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് അദ്ദേഹം സര്‍ക്കുലറില്‍ ഒപ്പിട്ടതെന്ന് വിമതനേതാക്കള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പറഞ്ഞു. ഇതൊന്നും പരസ്യമായി നിഷേധിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. നല്ലൊരു മാനേജ്മെന്റ് വിദഗ്ധനായി അറിയപ്പെട്ട മാര്‍ കരിയില്‍, സിനഡില്‍ ഒരു മുഖവും വിമതര്‍ക്കുമുന്നില്‍ മറ്റൊരു മുഖവുമായി വേഷംകെട്ടുകയാണെന്ന യാഥാർത്ഥ്യം ഇതോടെ എല്ലാവര്ക്കും വ്യക്തമായി.
വത്തിക്കാനില്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചശേഷം പരിശുദ്ധ പിതാവ് പറഞ്ഞിട്ട് എന്നവണ്ണം തനിക്ക് ഇല്ലാതിരുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് അതിരൂപതയ്ക്കു മുഴുവന്‍ ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണത്തില്‍നിന്ന് “ഒഴിവു”നല്കാന് അദ്ദേഹം തയ്യാറായി. എന്നാല്‍ അതിരൂപത മുഴുവന്‍ നല്‍കിയിരിക്കുന്ന ഈ ഒഴിവുനല്‍കല്‍ സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും സഭയിൽ നിന്നും പൗരസ്ത്യ തിരുസംഘത്തില്‍നിന്നും മാര്‍ കരിയിലിന് പലകുറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ അനുസരിക്കാനോ സമവായ നീക്കങ്ങളോടു സഹകരിക്കാനോ അദ്ദേഹം തയ്യാറായില്ല.
സീറോമലബാര്‍ സഭയെ അരനൂറ്റാണ്ടുകാലമായി വിഷമിപ്പിച്ചുകൊണ്ടിരുന്ന ആരാധനാരീതി സംബന്ധിച്ച വിഷയത്തില്‍, തന്നില്‍ നിക്ഷിപ്തമായിയിരിക്കുന്ന അധികാരം ഉപയോഗിച്ച് നിര്‍ണ്ണായകതീരുമാനമെടുത്തു സഭയോടൊപ്പം അതിരൂപതയെ നയിക്കേണ്ട കരിയിൽ മെത്രാൻ വിമതവൈദികരുടെ കൈയ്യിലെ കളിപ്പാവയായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകള്‍ വിമതരുടെ വീറും വാശിയും വര്‍ദ്ധിപ്പിച്ചു. മാര്‍പാപ്പായുടെ പേരില്‍ പോലും സഭയില്‍ നിയമലംഘനം നടത്തുവാനും വത്തിക്കാന്‍ കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെ യാതൊരു കൂസലുമില്ലാതെ തള്ളിക്കളയാനും തയ്യാറായ മാര്‍ കരിയിലിനെ പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയി.
തിരുസഭ നല്കിയ അധികാരവും പദവിയും ദുര്‍വ്യയം ചെയ്ത മാര്‍ കരിയിലിന് മുന്നില്‍ എല്ലാ വഴികളും അടഞ്ഞതിനാല്‍ അദ്ദേഹത്തിന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതിരുന്നു. ഒടുവില്‍ വത്തിക്കാൻ സ്ഥാനപതി എറണാകുളം ബിഷപ്സ് ഹൗസില്‍ നേരിട്ടെത്തി മാര്‍ കരിയിലില്‍നിന്നും രാജി എഴുതി വാങ്ങിക്കുകയായിരുന്നു.
അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കുന്നു
മാര്‍ കരിയിലിനെ പുറത്താക്കി തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായത് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തായിരുന്നു. അതിരൂപതയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാ അനുരജ്ഞന നീക്കങ്ങളോടും വിമതര്‍ മേൽകീഴ് നോക്കാതെ ശക്തമായി പ്രതികരിക്കുന്നതിനാല്‍ ഒരു വര്‍ഷമായിട്ടും യാതൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
കത്തോലിക്കാ സഭയുടെ അവസാന വാക്കായ മാര്‍പാപ്പായെപ്പോലും അനുസരിക്കാതെ തന്നിഷ്ടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കുറെ വൈദികരുടെയും അല്മായരുടെയും സംഘമാണ് ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണം തുടരുന്നതിലൂടെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ഏതാണ്ട് എല്ലാവരിലും അസ്തമിച്ചിരിക്കുന്നു. അതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ വത്തിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ എല്ലായിടത്തു നിന്നും ഉയരുന്നു.
മാർ താഴത്ത് ചുമതല ഏറ്റെടുത്തതിന് ശേഷം യാതൊന്നും പ്രവർത്തിക്കുവാൻ സാധിക്കാതിരിന്നിട്ടും അതിരൂപതയുടെ അനുദിന ഭരണം നേരിട്ട് നിയന്ത്രിക്കുന്ന മാർപ്പാപ്പ മറ്റ് യാതൊരു നടപടിയും സ്വീകരിക്കാത്തതും വിമതരെ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
സീറോ മലബാർ സഭ നേരിടുന്ന ചരിത്രപരമായ പ്രതിസന്ധികൾ
സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടേയുള്ളൂ. പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ കഴിഞ്ഞ നാലു നൂറ്റാണ്ടുകളോളം ഭാരത ക്രൈസ്തവരായ മാര്‍തോമാ ക്രിസ്ത്യാനികൾ നേരിട്ടത് ലോകത്തില്‍ മറ്റൊരു സഭാസമൂഹവും നേരിടാത്തവിധമുള്ള പ്രതിസന്ധികളായിരുന്നു. പോർച്ചുഗീസ് സഭാ ഭരണം മലങ്കരയിൽ ശക്തമായതോടെ പതിനാറു നൂറ്റാണ്ടുകള്‍ ഈ സഭയില്‍ നിലനിന്നിരുന്ന ഐക്യവും സമാധാനവും പൂര്‍ണ്ണമായി തകര്‍ന്നു, സഭ നിധിപോലെ സൂക്ഷിച്ചിരുന്ന ചരിത്രരേഖകളും പൈതൃകങ്ങളും നശിപ്പിക്കപ്പെട്ടു, ആരാധനാ രീതിയിലും ഭരണവ്യവസ്ഥിതിയിലും വലിയ മാറ്റങ്ങളുണ്ടായി. പാശ്ചാത്യമെത്രാന്മാരുടെ മേല്‍ക്കോയ്മ പുനഃരാവിഷ്കരിച്ച ആരാധനാഭാഷ, ദൈവശാസ്ത്രം, വൈദികപരിശീലനം, പദവികള്‍, വേഷഭൂഷാദികള്‍ എന്നിവയിലെല്ലാം വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചു. സഭയിൽ തർക്കങ്ങളും വാദപ്രതിവാദങ്ങളും സമരങ്ങളും പതിവായി.
പോർച്ചുഗീസ് ഭരണാധികാരികൾ മുന്നോട്ടുവച്ച മാറ്റങ്ങളെയെല്ലാം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നവരും പൂര്‍ണ്ണമായി തള്ളിക്കളയുന്നവരുമായ രണ്ടു വിഭാഗം പുരോഹിതരും അല്മായരും സഭയില്‍ ഇക്കാലത്തു തന്നെ രൂപപ്പെട്ടു. ഇതിനെല്ലാം മധ്യേ, പൗരസ്ത്യവും പാശ്ചാത്യവുമായ വ്യവസ്ഥിതികളെ ഭാഗികമായി ഉള്‍ക്കൊള്ളാനും ഭാഗികകമായി തള്ളിക്കളയാനും തയ്യാറായ മൂന്നാമതൊരു വിഭാഗവും കാലാന്തരത്തിൽ സംജാതമാക്കി. ഇപ്രകാരം പാരമ്പര്യതനിമ നഷ്ടപ്പെട്ട് സാംസ്കാരികമായും ദൈവശാസ്ത്രപരമായും വലിയൊരു കലര്‍പ്പുള്ള സഭയായി സീറോമലബാര്‍ സഭ മാറി. ചരിത്രപരമായ കാരണങ്ങളാൽ രൂപപ്പെട്ട ഈ വിഷമവൃത്തത്തിൽ നിന്നും പുറത്തു കടക്കാനാവാതെ സഭ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. ഈ യാഥാര്‍ത്ഥ്യം വത്തിക്കാന്‍ വേണ്ടവിധം മനസ്സിലായിട്ടുണ്ടോ, സീറോമലബാര്‍ സഭാനേതൃത്വം വത്തിക്കാനില്‍ ഇതൊക്കെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഇന്നുള്ളത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്നു രൂപപ്പെട്ടിരിക്കുന്ന വിമതനീക്കങ്ങളെ സസൂഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഭൂമിയിടപാടിൽ അതിരൂപതയ്ക്ക് നഷ്ടമല്ല ലാഭമാണുണ്ടായതെന്നും കർദ്ദിനാൾ മാർ ആലഞ്ചേരി കുറ്റക്കാരനല്ല എന്നതും ആരേക്കാളും നന്നായറിയുന്നത് വിമതന്മാർക്കു തന്നെയാണ്. ജനാഭിമുഖ കുര്‍ബാനയുടെ കാര്യം പരിശോധിച്ചാൽ അതിലെ ദൈവശാസ്ത്രമോ അതിലുള്ള ഭക്തിയോ വിശ്വസമോ ഒന്നുമല്ല അവരുടെ പ്രശ്നമെന്നും കാണാം. പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യങ്ങളോടുള്ള അവരുടെ വിയോജിപ്പും വെറുപ്പാണ് വിമതനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മുഖ്യഘടകം. ഇക്കാരണങ്ങളാൽ മറ്റൊരു രൂപത സസ്പെൻഡ് ചെയ്ത പുരോഹിതനെ അതിരൂപതയുടെ ആസ്ഥാനത്ത് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുന്നത് വരെ എത്തി നിൽക്കുന്നു വിമത പ്രവർത്തനങ്ങൾ.
സീറോമലബാര്‍ സഭയുടെ ഭാഗമാണെന്ന് പറയാന്‍ ഇഷ്ടപ്പെടാത്ത വിധത്തില്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവാദങ്ങളോടും ആരാധനാരീതികളോടും വിശ്വാസജീവിതക്രമങ്ങളോടും കടുത്ത വിയോജിപ്പുള്ള ഒരു രൂപതയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗം മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി അതിനുള്ള നീക്കങ്ങളും പ്രചാരണങ്ങളും മുന്‍കാല സഭാനേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിനാൽ പൗരസ്ത്യ സഭാ പാരമ്പര്യങ്ങളോടുള്ള വിയോജിപ്പും വെറുപ്പുമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രധാന പ്രശ്നമെന്ന യാഥാർത്ഥ്യം സഭാ നേതൃത്വം തിരിച്ചറിയണം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവേണം എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തു പരിഹാരം കണ്ടെത്തുവാൻ. അതിനുള്ള വഴികളാണ് സഭാനേതൃത്വം ചര്‍ച്ചചെയ്തു കണ്ടെത്തേണ്ടത്.
Leave a Reply