ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ അഭിമാന നിമിഷങ്ങളാണിത്. ഉപജീവനമാർഗം തേടി യുകെയിലെത്തിയ മലയാളികൾ പുതിയ വിജയങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ ഓരോ മലയാളികൾക്കും അഭിമാനിക്കാം . ബാഡ്മിന്റണിൽ ലിയോൺ കിരണിൻ്റെ നേട്ടങ്ങൾ മലയാളം യുകെ ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
ഏറ്റവും മുൻനിര കളിക്കാരുടെ മത്സരമായ അണ്ടർ 13 ഗോൾഡ് കാറ്റഗറിയിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും ഒന്നാമനായും സിംഗിൾസിൽ ബ്രോൺസും ലിയോൺ കിരൺ സ്വന്തമാക്കി. ഗോൾഡ്, സിൽവർ , ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതിൽ ഏറ്റവും മുൻനിര കളിക്കാർ കളിക്കുന്ന ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാമതെത്തിയതിൽ അഭിമാനമുണ്ടെന്ന് ലിയോൺ കിരൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നേരത്തെ മാർച്ച് 18 -ന് ബക്കിംഗ് ഹാം ഷെയർ മിൽട്ടൺ കെയിൻസിൽ വച്ച് നടന്ന മത്സരത്തിൽ ലിയോൺ ഓൾ ഇംഗ്ലണ്ട് അണ്ടർ 13 ബ്രോൺസ് വിഭാഗത്തിൽ സിംഗിൾസിന് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടി ഏവരെയും അത്ഭുതപ്പെടുത്തിയത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതിൽ നിന്ന് വ്യക്തമാകുന്നത് ലിയോൺ ബാഡ്മിൻറൺ കളിയിൽ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നതാണ്.
ലെസ്റ്റർ സെന്റ് പോൾസ് കാത്തലിക്ക് ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ലിയോണിന് സ്പോർട്സിനോട് പ്രത്യേകിച്ച് ബാഡ്മിന്റനോടുള്ള സ്നേഹം പാരമ്പര്യമായി ലഭിച്ചതാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ ലിയോണിന്റെ പിതാവ് കിരൺ വോളിബോളിൽ ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ടീമായിരുന്ന പാലാ സെൻറ് തോമസ് കോളേജിലെ വോളിബോൾ ടീമിൻറെ നെടുംതൂണ് ആയിരുന്നു. ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ കിരൺ യുകെയിലും, യൂറോപ്പിലുമുള്ള ഒട്ടുമിക്ക വോളിബോൾ ബാഡ്മിൻറൺ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ബാഡ്മിൻറണില് ചൈനയിലെ മുൻ നാഷണൽ ചാമ്പ്യനായിരുന്ന ബില്ലിയുടെയും തമിഴ്നാട് സ്വദേശി ഇമ്മാനുവേലിന്റെയും കീഴിലാണ് ലിയോൺ കിരണിന്റെ പരിശീലനം. ലെസ്റ്റർ ബാഡ്മിൻറൺ ക്ലബ്ബിൻറെ മെമ്പറായ ലിയോണിന്റെ നേട്ടങ്ങൾക്ക് ക്ലബ്ബിൻറെ സജീവ പിന്തുണയുണ്ട്. ലിയോണിന്റെ പിതാവ് കിരൺ ഇടുക്കി, ഉപ്പുതറ ചിറ്റപ്പനാട്ട് കുടുംബാംഗമാണ്. പൂഞ്ഞാർ , പെരിങ്ങുളം നെടുങ്ങനാൽ കുടുംബാംഗമാണ് മാതാവ് ദീപാ മരിയ. സഹോദരൻ റയൺ ജിസിഎസ്സി വിദ്യാർത്ഥിയാണ്
Leave a Reply