ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്കുള്ള അനധികൃത കുടിയേറ്റ ശ്രമത്തിനിടയിൽ ബോട്ട് മറിഞ്ഞ് 6 പേർക്ക് ദാരുണാന്ത്യം. 5 മുതൽ 10 പേരെ വരെ കാണാതായതായി തീരസേനാ അതോറിറ്റിയുടെ വക്താവ് അറിയിച്ചു. ബ്രിട്ടീഷ് , ഫ്രഞ്ച് കോസ്റ്റ് ഗാർഡുകൾ മുങ്ങിയ ബോട്ടിൽ നിന്ന് 50 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ശക്തമാണ്.

ബോട്ടിൽ അമിതമായി യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ .ഈ ആഴ്ച തന്നെ ഇത് ഏഴാം തവണയാണ് അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് ആളുകളെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കേണ്ടതായി വരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇംഗ്ലീഷ് ചാനൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും തിരക്കേറിയതുമായ ഷിപ്പിംഗ് പാതകളിലൊന്നാണ്. പ്രതിദിനം 600 ടാങ്കുകളും 2000 ഫെറികളുമാണ് ഇതിലൂടെ കടന്നു പോകുന്നത്.

സംഭവങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഈ വർഷം ഓഗസ്റ്റ് 10 വരെ 15816 പേർ ചെറുവള്ളങ്ങളിൽ ചാനൽ കടന്നതായാണ് സർക്കാർ കണക്കുകൾ . കുടിയേറ്റക്കാരെ അധിവസിപ്പിച്ചിരുന്ന ബിബ്ബി സ്റ്റോക്ഹോം ബാർജിന്റെ ചുറ്റുമുള്ള വെള്ളത്തിൽ ലീജിയനല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ചതായുള്ള വാർത്തകൾ ഇന്നലെ പുറത്തുവന്നിരിന്നു . ഡോർസെറ്റിലെ കപ്പലിലുണ്ടായിരുന്ന എല്ലാ കുടിയേറ്റക്കാരെയും മുൻകരുതൽ എന്ന നിലയിൽ അവിടെ നിന്ന് മാറ്റിയതായി ആഭ്യന്തര ഓഫീസ് അറിയിച്ചു
	
		

      
      



              
              
              




            
Leave a Reply