ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന ഇളവുകൾ യാത്രാ മേഖലയ്ക്ക് പുത്തനുണർവേകുന്നു. ഇംഗ്ലണ്ടിൽ പ്രവേശിക്കുമ്പോൾ നടത്തേണ്ടുന്ന കോവിഡ് പരിശോധന റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തുന്നവർ നെഗറ്റീവ് റിപ്പോർട്ട്‌ ലഭിക്കുന്നതുവരെ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമവും ഉപേക്ഷിക്കുകയാണെന്ന് ബോറിസ് ജോൺസൻ എംപിമാരെ അറിയിച്ചു. ഇത് യാത്രാ മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യും. ഇളവുകൾ കൊണ്ടുവന്നതിന് പിന്നാലെ ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിച്ചുകയറ്റമുണ്ടായി. ഒമിക്രോൺ വകഭേദം രാജ്യത്താകെ പടർന്നു പിടിച്ചിരിക്കുകയാണെന്ന് ജോൺസൻ വെളിപ്പെടുത്തി.

“ഒമിക്രോൺ ആദ്യമായി കണ്ടെത്തിയപ്പോൾ സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വ്യാപനം തീവ്രമായിക്കഴിഞ്ഞു. കോവിഡ് പരിശോധനകള്‍ കൊണ്ട് വൈറസിന്റെ വ്യാപനത്തെ തടയുവാന്‍ കാര്യക്ഷമമായി കഴിയില്ല.” പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ യാത്ര കഴിഞ്ഞെത്തുന്നവര്‍, ഇംഗ്ലണ്ടിലെത്തി രണ്ടു ദിവസത്തിനകം ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റിന് വിധേയരാകണം. വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവുകൾ ലഭിക്കുക.

അധിക പരിശോധനകൾ യാത്രാ മേഖയിലെ ചിലവ് വർധിക്കാൻ കാരണമായിട്ടുണ്ട്. പിസിആർ പരിശോധന ഒഴിവാക്കുന്നതോടെ ഏകദേശം 300 പൗണ്ട് ലാഭമുണ്ടാകും. ബോറിസ് ജോൺസന്റെ പുതിയ തീരുമാനത്തെ യാത്രാ മേഖല ഒന്നടങ്കം സ്വാഗതം ചെയ്തു. ഈസിജെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജോഹാൻ ലൻഡ്‌ഗ്രെൻ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും സർക്കാർ ഇനിയും കൂടുതൽ ഇളവുകൾ നൽകേണ്ടതുണ്ടെന്ന് പറഞ്ഞു.