ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രമേഹ രോഗികളുടെ മരുന്നിന് വൻ ക്ഷാമം. ശരീര ഭാരം കുറയ്ക്കാൻ ആളുകൾ ഒസെംപിക് എന്ന മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇതിൻെറ ലഭ്യത കുത്തനെ കുറഞ്ഞത്. 2024 ജൂൺ വരെ ആഗോള തലത്തിൽ ഒസെംപികിന് ക്ഷാമം ഉണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മരുന്നിൻെറ ലഭ്യത കുറവ് മൂലം ജനങ്ങളുടെ മരുന്നുകൾ അവലോകനം ചെയ്ത് സാധ്യമാകുന്നിടത്ത് ഇതരമാർഗങ്ങൾ നിർദ്ദേശിക്കുമെന്നും വെൽഷ് സർക്കാർ അറിയിച്ചു.
ദീർഘകാലമായി പ്രമേഹ രോഗികൾ ആയിട്ടുള്ളവരിൽ ഭൂരിഭാഗവും ഒസെംപികിനെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ തന്നെ മരുന്നിൻെറ ലഭ്യത കുറവ് ഇവരെ ബാധിക്കും. ഒസെംപികിൽ സെമാഗ്ലൂറ്റൈഡ് എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് ആളുകളുടെ വിശപ്പ് കുറയ്ക്കും. അതിനാൽ ശരീര ഭാരം കുറയ്ക്കാനുള്ള ഒരു മാർഗമായും ഇതിനെ കണ്ടുവരുന്നുണ്ട്. ഈ കാരണത്താൽ മരുന്നിൻെറ ആവശ്യം ആഗോള ക്ഷാമത്തിന് കാരണമായിരിക്കുകയാണ്. പ്രമേഹ രോഗികൾക്കായി തയാറാക്കിയ മരുന്നാണെങ്കിലും ഇത്തരക്കാർക്ക് പോലും ഇപ്പോൾ മരുന്ന് ലഭിക്കുന്നില്ല. ഇവരിൽ പലർക്കും ശരിയായ രീതിയിൽ ചികിത്സ ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്ക ഒരു രോഗി പങ്കുവച്ചു.
2024 ജൂൺ വരെ മരുന്നിൻെറ വിതരണം സാധാരണ നിലയിലാകുമെന്ന് കരുതുന്നില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാരിറ്റികളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കും. മരുന്നിൻെറ നീണ്ട കാലത്തേക്കുള്ള ലഭ്യതക്കുറവ് മൂലം യുകെയുടെ എല്ലാ ഭാഗങ്ങളിലും സെമാഗ്ലൂറ്റൈഡ് നിർദ്ദേശിക്കുന്ന ആളുകളുടെ മരുന്നുകൾ അവലോകനം ചെയ്ത് ആവശ്യമെങ്കിൽ, ഒരു ബദൽ ചികിത്സ നിർദ്ദേശിക്കുമെന്ന് വെൽഷ് ഗവൺമെന്റ് പറഞ്ഞു.
Leave a Reply