ന്യൂസ് ഡെസ്ക് മലയാളം യുകെ

സെൻട്രൽ മൊറോക്കോയിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 632 പേർ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയുള്ള ഹൈ അറ്റ്‌ലസ് പർവതനിരയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11:11നാണ് (22:11 ജിഎംടി) ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 മാഗ് നിറ്റുടുള്ള തുടർചലനമുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാരാകേഷിലും തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലും ഉള്ള നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായെന്ന് മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പലരും ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവരാണെന്നാണ് കരുതുന്നത്. ഭൂകമ്പത്തിൽ അൽ-ഹൗസ്, മാരാകേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലും 329 പേർക്ക് പരിക്കേറ്റതായും നിരവധി പേർക്ക് ജീവൻ നഷ്ടമായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സോഷ്യൽ മീഡിയയിലെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ തകർന്ന കെട്ടിടങ്ങളും കെട്ടിടങ്ങൾ കുലുങ്ങുന്നതും അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളും മറ്റും കാണാം. വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ശക്തമായ തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ താത്കാലികമായി പുറത്ത് താമസിക്കുകയാണ്.