പാരീസ്: ബ്രെക്‌സിറ്റില്‍ പുനര്‍വിചിന്തനത്തിന് ബ്രിട്ടന് ഇനിയും സമയമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പാരീസില്‍ തെരേസ മേയുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ വൈകുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തില്‍ അതൃപ്തി പുകയുന്നതിനിടെയാണ് സമാധാന ദൗത്യവുമായി മാക്രോണ്‍ എത്തിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവസാനിക്കുന്നത് വരെ വാതിലുകള്‍ തുറന്നുതന്നെ കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ ഉടന്‍തന്നെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാമോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. പക്ഷേ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഒരി തിരിച്ചുപോക്ക് അത്ര എളുപ്പമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സോഫ്റ്റ് ബ്രെക്‌സിറ്റിനാണോ തയ്യാറെടുക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലക്ഷ്യത്തിനായി ഐക്യത്തോടെ മുന്നേറുമെന്നായിരുന്നു മേയ് നല്‍കിയ മറുപടി. ഡിയുപിയുമായി ധാരണയിലെത്തിയാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അക്രമങ്ങള്‍ പെരുകുമെന്ന ജോണ്‍ മേജറിന്റെ മുന്നറിയിപ്പിനേക്കുറിച്ച് മേയ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

അതേസമയം ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ടൈംടേബിള്‍ അനുസരിച്ച് നടക്കുമെന്നും അടുത്തയാഴ്ചയോടെ അത് ആരംഭിക്കാനാകുമെന്നും മാക്രോണിനോടുള്ള പ്രതികരണമായി മേയ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എന്ന് തുടങ്ങാനാകുമെന്ന് ബ്രിട്ടീഷ് പ്രതിനിധി സംഘത്തിന് വ്യക്തതയില്ലെന്നാണ് ബ്രസല്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.