ഏഴു ടീമുകൾ മാറ്റുരച്ച രുചിയുടെ ഉത്സവത്തിനു സ്റ്റോക്ക് ഓൺ ട്രെന്റിൽ തിരശീല വീണപ്പോൾ മലയാളത്തിന്റെ തനതു വിഭവങ്ങളായ അവിയലും, പായസവും, ഇഞ്ചിക്കറിയും പ്രൗഢിയോടെ കൈരളി യുകെ മലയാളി ഷെഫ് 2023 ൽ അണിനിരന്നു. പാചകകലയുടെ പൂരകാഴ്ച ഒരുക്കിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുവാൻ വിധികർത്താക്കളായ യുകെ മലയാളികൾക്ക് സുപരിചിതരായ ഷെഫ് ജോമോനും, ഷെഫ് ബിനോജിനും ശ്രമകരമായിരുന്നു.
കൈരളി യുകെ മലയാളി ഷെഫ് 2023 മത്സരത്തിൽ വിജയികളായി ടീം ഹീത്രുവിലെ ഡോ. സുജ വിനോദും, സോഫിയ സെബാസ്റ്റ്യനും എത്തിയപ്പോൾ, രണ്ടാം സ്ഥാനം വാറ്റ്ഫോർഡിൽ നിന്നുള്ള ടീം അടിമുടിനാടനിലെ അജിത്ത് വിഷ്ണുവും, സന്തോഷ് ഏലിയാസും, മൂന്നാം സ്ഥാനം സ്റ്റോക്ക് ഓൺ ട്രെന്റിലെ ടീം കൊകൊ മാംഗോയിലെ ആഷിക മോഹനും, നിഖിൽ സുന്ദറും നേടി.
സ്റ്റോക്ക് ഓൺ ട്രെന്റിലെ മരിയാസ് റെസ്റ്റോറന്റിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് വിധികർത്താക്കൾ ഫലകവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. യുകെയിലെ ഇൻഷുറൻസ് മോർട്ട്ഗേജ് രംഗത്തെ പ്രമുഖ കൺസൽറ്റൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
രണ്ടാം വർഷത്തിലേക്ക് കടന്ന മലയാളി ഷെഫ് മത്സരത്തിനു വേദിയൊരുക്കിയ കൈരളി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിനു വേണ്ടി സെക്രട്ടറി ആരൻ മൈക്കിൽ ഡെൽസൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശൈത്യ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്ത്വം കൊടുക്കുകയും ചെയ്തു.
വരും വർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു മലയാളി ഷെഫ് നടത്തുമെന്ന് കൈരളി യുകെ കൈരളി ദേശീയ കമ്മറ്റിക്ക് വേണ്ടി സാമുവൽ ജോഷ്വ, വൈസ് പ്രസിഡന്റ് ലിനു വർഗ്ഗീസ് എന്നിവർ ആശംസ പ്രസംഗത്തിൽ അറിയിച്ചു. വീഡിയോയും ഫോട്ടോഗ്രഫിയും ചെയ്തു സഹായിച്ച ഡാനി രാജൻ, സൗണ്ട് ക്രമീകരിച്ച രാജേഷ് നായർ, സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, വെസ്റ്റ് ഫോർട്ട് കെയർ, മരിയാസ് റെസ്റ്റോറന്റ് എന്നിവർക്കും പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും മലയാളി ഷെഫ് 2023 വിജയിപ്പിച്ച എല്ലാവർക്കും കൈരളിയുടെ നന്ദി.
Leave a Reply