ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി അന്വേഷണസംഘത്തിന് വീഡിയോ. മരിച്ച നജ്‌ലയുടെ ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ കാമുകി മൂന്ന് മരണങ്ങള്‍ആ വീട്ടില്‍നടക്കും മുന്‍പ് ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്ന വീഡിയോയാണ് ലഭിച്ചിരിക്കുന്നത്.

റെനീസിന്റെയും ബന്ധുവും കാമുകിയുമായ ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്‌ല മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന കണ്ടെത്തല്‍ ശരിവെക്കുന്നതാണ് തെളിവുകള്‍.

റെനീസ് ഡ്യൂട്ടിക്കായി പോയ സമയത്തായിരുന്നു രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എആര്‍ ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മെയ് 9നായിരുന്നു സംഭവം. ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിന്റെ അന്വേഷണ വേളയിലാണ് നജ്‌ലയെ നിരീക്ഷിക്കാനായി ങ്ങന റെനീസ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങളാണ്.