ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ 2024 മുതൽ കോവിഡ് വാക്സിൻ ആവശ്യക്കാർക്ക് സ്വകാര്യമേഖലയിൽ നിന്ന് ലഭ്യമാകാനുള്ള സാധ്യത തെളിഞ്ഞു. നിലവിൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത് എൻഎച്ച്എസ് വഴിയായാണ് . എന്നാൽ അടുത്ത വർഷം മുതൽ ലൈസൻസ് പുതുക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ഹൈ സ്ട്രീറ്റ് ഫാർമസികൾക്കും സ്വകാര്യ ക്ലിനിക്കുകൾക്കും ഇത് ഫ്ലൂ ജാബ് പോലെ വിൽക്കാൻ കഴിയും.
കോവിഡ് വാക്സിൻ സ്വകാര്യമേഖലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനായുള്ള ചർച്ചകൾ തൻറെ കമ്പനിയും സർക്കാരുമായി നടന്നുവരികയാണെന്ന് മോഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാൻ ബാൻസൽ മാധ്യമങ്ങളോട് പറഞ്ഞു. 2025 -ഓടെ എംആർഎൻഎ , ഫ്ലൂ കോവിഡ് വാക്സിൻ എന്നിവ പുറത്തിറക്കാൻ പറ്റുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫ്ലൂ , കോവിഡ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർ എസ് വി ) എന്നിവയ്ക്ക് എതിരെയുള്ള സംയോജിത വാക്സിൻ 2026 – ഓടെ ലഭ്യമാകും. ഇതോടെ വിവിധ വൈറസുകൾക്ക് എതിരെ വെവ്വേറെ വാക്സിൻ സ്വീകരിക്കുന്ന നിലവിലുള്ള രീതി മാറും എന്ന് ബാൻസൽ പറഞ്ഞു.
മോഡേണയുടെ കോവിഡ് വാക്സിൻ നിലവിൽ യുഎസിൽ സ്വകാര്യമേഖലയിൽ 100 പൗണ്ടിന് (120 ഡോളർ) ലഭ്യമാണ്. യുകെയിൽ വില നിശ്ചയിച്ചിട്ടില്ലെങ്കിലും കോവിഡ് വാക്സിന് ഫ്ലൂ ജാബിന്റെ നിലവിലെ വിലയായ 12 പൗണ്ടിനേക്കാൾ കൂടുതലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ . മോഡോണയെ കൂടാതെ ഫൈസർ കമ്പനിയും യുകെയിൽ സ്വകാര്യ മേഖലയിൽ കോവിഡ് വാക്സിൻ നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
Leave a Reply