സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് റീജൺ ബൈബിൾ കലോത്സവം ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടും. ലീഡ്സ് റീജൺ രൂപീകൃതമായതിനുശേമുള്ള ആദ്യ ബൈബിൾ കലോത്സവം ബ്രാഡ്ഫോർഡിലുള്ള ഡിക്സൺ കോട്ടിങ്ങിലി അക്കാദമിയിൽ വച്ചാണ് നടത്തപ്പെടുക . ശനിയാഴ്ച രാവിലെ 9 മണിക്ക് ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നതാണ് . ഒമ്പതരയോട് ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് 5 മണിയോടെ പൂർത്തിയാകുകയും തുടർന്ന് സമാപന സമ്മേളനം നടക്കുകയും ചെയ്യും. നാലോളം വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ ലീഡ്സ് റീജന്റെ കീഴിലുള്ള നൂറുകണക്കിന് മത്സരാർത്ഥികളാണ് തയ്യാറെടുക്കുന്നത്.
ഇടവക , മിഷൻ, നിയുക്ത മിഷൻ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങളിൽ എത്തിയവരാണ് റീജണൽ തലത്തിലുള്ള മത്സരങ്ങളിൽ മാറ്റുരയ്ക്കുക. ഗ്രേറ്റ് ബ്രിട്ടൻ രൂപത രൂപീകൃതമായതിനു ശേഷം വിശ്വാസികളുടെ പ്രത്യേകിച്ച് കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുന്നതിനായി ആരംഭിച്ച ബൈബിൾ കലോത്സവം പങ്കാളിത്തം കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ കലാമേളയായി വളരാൻ കുറഞ്ഞ കാലം കൊണ്ട് സാധിച്ചിട്ടുണ്ട്. നാഷണൽ ബൈബിൾ കലോത്സവം നവംബർ 18 -ന് സ്കതോർപ്പിൽ വച്ചാണ് നടത്തപ്പെടുക.
പ്രായമനുസരിച്ച് വിവിധ കാറ്റഗറിയായി നടക്കുന്ന മത്സരങ്ങളുടെ നിബന്ധനകൾ ഇതിനോടകം മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ബൈബിൾ കലോത്സവ വേദിയിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. മത്സരങ്ങളിൽ പങ്കെടുത്തും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും ലീഡ്സ് റീജണൽ തലത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവം ഒരു വൻ വിജയമാക്കണമെന്ന് സംഘാടകസമിതിക്ക് വേണ്ടി ലീഡ്സ് റീജണൽ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിയിൽ സി എം ഐ , ബൈബിൾ കലോത്സവം ലീഡ്സ് റീജൺ കോ-ഓഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം എം സി ബി എസ് , ബൈബിൾ അപ്പസ്തോലിക് ലീഡ്സ് റീജണൽ കോ – ഓഡിനേറ്റർ ഫാ. ജോഷി കൂട്ടുങ്ങലും അഭ്യർത്ഥിച്ചു.
ബൈബിൾ കലോത്സവ വേദിയുടെ അഡ്രസ്
Dixons Cottingley Academy
Cottingley New Rd. Bingley
BD16 1TZ
Leave a Reply