മഴയും കാറ്റുമുള്ളപ്പോൾ വാഹനം പാർക്ക് ചെയ്തു പോകുമ്പോൾ ചുറ്റുപാടും ശ്രദ്ധിക്കണം, അല്ലെങ്കിൽ ഇതുപോലുള്ള പണി കിട്ടും. കോട്ടയത്ത് ഇരയിൽകടവിലേയ്ക്ക് പോകുന്ന വഴി ബസേലിയസ് കോളേജിന്റെ മതിലിനോട് ചേർന്ന് വാഹനം പാർക്ക് ചെയ്തു പോയ ആൾ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇങ്ങനെയൊരു പണി കിട്ടുമെന്ന്.

കനത്ത മഴയിൽ കുത്തിയൊലിച്ചു വന്ന വെള്ളം വീണുകൊണ്ടിരുന്നത് വാഹനത്തിന്റെ മുകളിലേയ്ക്ക്. ഏറെ നേരത്തിന് ശേഷമാണ് വെള്ളം വീഴുന്നത് നിന്നത്. വാഹനത്തിന് ഉള്ളിലേയ്ക്ക് വെള്ളം കയറിയോ എന്ന് വ്യക്തമല്ലെങ്കിലും വെള്ളം കയറിയാൽ അറ്റകുറ്റ പണിക്കായി ഉടമയ്ക്ക് ഏറെ പണചെലവ് വരും. കൂടാതെ കല്ലും മണ്ണും വാഹനത്തിന്റെ മുകളിൽപതിച്ച് പെയിന്റിന് കേടുപറ്റാനും സാധ്യതയുണ്ട്.

മഴയത്ത് വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ∙ മഴയത്ത് വാഹനം മരങ്ങൾക്ക് അടിയിൽ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക, ശക്തമായ കാറ്റുണ്ടെങ്കിൽ മരത്തിന്റെ ശിഖരങ്ങൾ വാഹനത്തിന് മുകളിലേയ്ക്ക് പൊട്ടി വീണേക്കാം.

∙പെട്ടെന്ന് വെള്ളക്കെട്ടോ , വെള്ളം വീഴാനുള്ള സാഹചര്യമുള്ള സ്ഥലത്തെ പാർക്കിങ് ഒഴിവാക്കുക

∙ റോഡ് സൈഡിൽ പാർക്ക് ചെയ്യുമ്പോൾ വെള്ളമൊഴുകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേയും ഓടയുടെ സമീപത്തേയും പാർക്കിങ് വേണ്ട

∙ വീട്ടിൽ പാർക്ക്ചെയ്തിരിക്കുകയാണെങ്കിലും വാഹനത്തിന്റെ ടയർ വെള്ളത്തിലല്ല എന്ന് ഉറപ്പുവരുത്തണം.