ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ കുറഞ്ഞ വാർഷിക ശമ്പളം 30,000 പൗണ്ട് ആക്കാൻ നീക്കം. ഇതിന് പിന്നാലെ സർക്കാരിൻെറ പുതിയ തീരുമാനത്തെ സംബന്ധിച്ച് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് തന്നെ രംഗത്ത് വന്നു. മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത മന്ത്രി നിയമപരമായ കുടിയേറ്റത്തിന് മേലും പുതിയ നടപടികൾ ബാധിക്കുമെന്ന സൂചന നൽകി.

ഉയര്‍ന്ന ശമ്പള പരിധി കൂടാതെ വിദേശ എന്‍എച്ച്എസ്, കെയര്‍ ഹോം ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. റെക്കോര്‍ഡ് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിൻെറ ഭാഗമായി വിദേശ എന്‍എച്ച്എസ്, കെയര്‍ ഹോം ജീവനക്കാർ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യത ഉണ്ട്. നവംബര്‍ അവസാനത്തോടെ പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരും. 2019ൽ കൺസർവേറ്റീവ് പാർട്ടി പ്രകടനപത്രികയില്‍ കുടിയേറ്റം കുറയ്ക്കാന്‍ നടപടി ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 2019 നേക്കാൾ കണക്കുകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

നിയമപരമായ കുടിയേറ്റം ഉയര്‍ന്ന നിലയിലാണെന്നും ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞു. ബ്രക്സിറ്റിന് ശേഷം കുടിയേറ്റം നിയന്ത്രിക്കാന്‍ അധികാരം ലഭിച്ചെങ്കിലും ഇത് ശരിയായ രീതിയില്‍ ഇതുവരെയും വിനിയോഗിച്ചിട്ടില്ല. കുടിയേറ്റം സാമ്പത്തിക മേഖലയ്ക്ക് അനിവാര്യമാണെന്ന വാദങ്ങളെ റോബര്‍ട്ട് ജെന്റിക്ക് തള്ളിക്കളഞ്ഞു. നിലവില്‍ യുകെയിലേക്ക് കുടിയേറാന്‍ കുറഞ്ഞ വാർഷിക ശമ്പളം 26,200 ആണ്. ഇത് 40,000 പൗണ്ടിലേക്ക് ഉയര്‍ത്താനാണ് മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ പദ്ധതിയിട്ടിരുന്നത്.