ഫാ. ഹാപ്പി ജേക്കബ്ബ്
” ഐക്യത്തിന്റെ സന്ദേശം; പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സിംഫണി ” .
ആഹ്ളാദത്തിന്റെയും സന്തോഷത്തിന്റെയും സുമനസ്സുകളുടേയും സമയമായ ക്രിസ്തുമസ് കടന്നു വന്നിരിക്കുന്നു. യുഗങ്ങളിലൂടെ പ്രതിധ്വനിയായി മാറിയ മോഹിപ്പിക്കുന്ന ഈണങ്ങളുമായി ഇഴചേർന്നിരിക്കുന്ന വലിയ പെരുന്നാൾ . ഈ സ്വർഗ്ഗീയമായ ആഘോഷത്തിന്റെ അഭിവാജ്യ ഘടകമാണ് സംഗീതം. രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനത്തിൽ പ്രകടമാക്കപ്പെട്ട പ്രത്യാശയുടെയും സന്തോഷത്തിന്റെയും അഗാധമായ സന്ദേശത്തെയാണ് ക്രിസ്തുമസ് കാലം പ്രതിധ്വനിപ്പിക്കുന്നത്.
1) ബൈബിൾ വിവരണത്തിലെ സംഗീതം.
ദൈവിക സാന്നിധ്യത്തെ പ്രതിധ്വനിപ്പിക്കുകയും ക്രിസ്തുമസ്സിന്റെ സത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന സംഗീതത്തിന്റെ സ്വരച്ചേർച്ചയെ വി. വേദപുസ്തകം പ്രതിധ്വനിപ്പിക്കുന്നു. സങ്കീർത്തനങ്ങളും ; സ്തുതിയും ആരാധനയും, കരാൾ ഗാനങ്ങളും ഒരു ആധ്യാത്മിക സിംഫണിയായി ഈ കാലത്തിൻറെ സന്തോഷകരമായ ചൈതന്യം നമുക്ക് തരുന്നു. 1 ദിനവൃത്താന്തം 16: 23 -24 സർവ്വഭൂവാസികളുമേ യഹോവയ്ക്ക് പാടുവിൻ, നാൾക്കുനാൾ അവൻറെ രക്ഷയെ പ്രസ്താവിപ്പിൻ. ജാതികളുടെ നടുവിൽ അവൻറെ മഹത്വവും സർവ്വ വംശങ്ങളുടെയും മധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ. വാക്കുകളിലൂടെ മാത്രമല്ല ജീവിതത്തിലൂടെയും അവൻറെ മഹത്വത്തെ അറിയിക്കുവാൻ നമുക്ക് കഴിയുമോ .
2) ക്രിസ്തുമസിന്റെ മെലഡികൾ
ക്രിസ്തുമസ് രാവുകൾ സജീവമാക്കുന്ന സംഗീത നിരയിൽ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രീതിയുള്ള മനുഷ്യർക്ക് സമാധാനം എന്ന് അന്ന് പാടിയ മാലാഖമാരുടെ ഗാനങ്ങൾ മുതൽ 1 താഴ്മയുള്ളവരുടെ അർപ്പിത സ്തുതി ഗീതങ്ങളും തിരുവെഴുത്തിലെ മർമ്മങ്ങളെ ഈ കാലഘട്ടത്തിൽ സജീവമാക്കുന്നു. ദൈവിക ഇടപെടലുകളുടെയും മാനുഷിക പ്രതികരണങ്ങളുടെയും ഊടും പാവും നെയ്തിട്ടുള്ള ആത്മീക തലങ്ങളുടെ നൈതീക പ്രതിധ്വനിയായി നമുക്ക് ഗ്രഹിക്കാം. ഇടയന്മാരുടെ സ്വർഗീയ സംഗീതവും രാത്രിയുടെ അന്ധകാരത്തെ നീക്കിയ പ്രകാശിപ്പിക്കുന്ന സ്വർഗ്ഗീയ തേജസിൽ നിന്ന് നമുക്കും പാടാം ; ” അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രീതിയുള്ള മനുഷ്യർക്ക് സമാധാനം ” . ലൂക്കോസ് 2: 14
3) ക്രിസ്തുമസ് സംഗീതത്തിന്റെ പ്രസക്തിയും സ്വാധീനവും .
ക്രിസ്തുമസ് . സംഗീതത്തിൻറെ അതീന്ദ്രിയമായ ശക്തി കേവലം കുറിപ്പുകൾക്കും , വരികൾക്കും , ഈണങ്ങൾക്കും വ്യക്തികൾക്കും അപ്പുറമാണ്. ആത്മാക്കളെ ഉണർത്തുവാനും , സമൂഹങ്ങളെ ഒന്നിപ്പിക്കുവാനും , സമാധാനത്തിനായി കൊതിക്കുന്ന മാനുഷിക മനസ്സുകൾക്ക് പ്രത്യാശ നൽകുവാനും ഈ ചിന്തകൾ ധാരാളമാണ്. കാരൾ ഗാനങ്ങളിലൂടെയും , സ്തുതി ഗീതങ്ങളിലൂടെയും, ഇമാനുവേലിന്റെ ദൈവം നമ്മോടുള്ള – സ്നേഹത്തിൻറെ ശാശ്വതമായ ജ്വാലയെ പുനർജീവിപ്പിക്കുന്നതിന്റെ പഴക്കമില്ലാത്ത കഥ നാം ഇന്നും പാടുന്നു .ദൂതൻ അവരോട് പറഞ്ഞു; ഭയപ്പെടേണ്ട, സർവ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ, ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും . ലൂക്കോസ് 2: 10, 11 .
4) സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ക്രിസ്തുമസ് സിംഫണി .
ക്രിസ്തുമസ് ഗാനങ്ങളും ചിന്തകളും , രീതികളും പാലിക്കുവാനും പാലിക്കപ്പെടുവാനും ഉള്ളതാണ്. കേൾവിക്കാരും കാഴ്ചക്കാരും മാത്രമായി നാം കഴിഞ്ഞ നാളുകൾ ചിലവാക്കി. നന്മയുടെയും , അനുകമ്പയുടെയും സ്നേഹത്തിന്റെയും കരുണയുടെയും ശ്രുതിമധുരമായ ഇഴയടുപ്പം ഉള്ള അനുഭവം ആയി നമ്മുടെ ജീവിതത്തോട് ചേർത്ത് വയ്ക്കാം. അനുകരണവും ആർഭാടവും ജഡികതയുംമാറി ഈ കാലഘട്ടത്തിൻറെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്രിസ്തുമസ് സിംഫണിയിൽ നമുക്കും പങ്കുകാരാകാം. “വാക്കിനാലോ പ്രവർത്തിയിലോ എന്ത് ചെയ്താലും സകലവും കർത്താവിൻറെ നാമത്തിൽ ചെയ്യും അവൻ മുഖാന്തിരം പിതാവായ ദൈവത്തിനു സ്തോത്രം പറയുവിൻ. കൊലോസ്യർ 3: 17.
നമ്മുടെ ഗാനങ്ങളും , ശുശ്രൂഷകളും, അലങ്കരിച്ച ക്രിസ്തുമസ് ഇടങ്ങളും പ്രതീക്ഷയുടെയും , സ്നേഹത്തിന്റെയും , സമാധാനത്തിന്റെയും ശാശ്വതമായ ദൈവകൃപയ്ക്ക് നമ്മുടെ ജീവിതം മുഖാന്തരം ആകട്ടെ എന്ന് ആശംസിക്കുന്നു.
ക്രിസ്തുമസ് ആശംസകളോടെ — ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply