ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യം വിട്ട മകള്‍ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചു.

അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യറാണ് ഹര്‍ജി നല്‍കിയത്. ഐഎസില്‍ ചേര്‍ന്ന ഭര്‍ത്താവിനൊപ്പം രാജ്യം വിട്ടതാണ് ആയിഷ.

ഐസിസ് തീവ്രവാദിയായ ഭര്‍ത്താവ് മരിച്ചതോടെ പിടിയിലായ ആയിഷയും മകളും ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ്. ഇവരുടെ മകള്‍ സാറയ്ക്ക് ഇപ്പോള്‍ ഏഴ് വയസുണ്ട്. ആയിഷയ്‌ക്കൊപ്പം ഇതുപോലെ നാടുവിട്ട മറ്റ് സ്ത്രീകളും ജയിലിലുണ്ട്.

അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുന്ന അഫ്ഗാനില്‍ ഏത് നിമിഷം വേണമെങ്കിലും മകളെയടക്കം തൂക്കിലേറ്റുമെന്നും അതിനാല്‍ പേരക്കുട്ടിയായ സാറയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഇവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നുമാണ് സെബാസ്റ്റിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റഷീദിനൊപ്പം ആയിഷ പോയത് 2011ലാണ്. 2013 ഒക്ടോബറില്‍ സാറ ജനിച്ചു. 2016ല്‍ ഇവരെല്ലാം ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ വിട്ടുപോയി. പിന്നീട് അബ്ദുള്‍ റഷീദിനെ കാണ്മാനില്ലെന്ന് ഇയാളുടെ പിതാവ് കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വൈകാതെ ഇയാള്‍ മരണമടഞ്ഞതാണെന്നും ആയിഷയും മകളും അഫ്ഗാനില്‍ ജയിലിലാണെന്നും വിവരമറിഞ്ഞു. നിലവില്‍ പിടിയിലായ സ്ത്രീകളെല്ലാം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്.